Thursday, December 25, 2014

Jesus loves you




തന്റെ ഏകജാതനായ പുത്രനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച എന്റെ ദൈവമല്ലാതെ രക്ഷിക്കാൻ പ്രാപ്തനായ ആരാധനയ്ക്ക് യോഗ്യനായ മറ്റേതു ദൈവമാണ് ഉള്ളത്? മറ്റാരെയാണ് ഞാൻ സ്നേഹിക്കേണ്ടത്?
ദിവ്യസ്നേഹത്താൽ അവൻ നിങ്ങളെ സ്നേഹിച്ചു... നിങ്ങൾക്കവനെ സ്നേഹിക്കാൻ മനസ്സുണ്ടോ? ഈ ക്രിസ്തുമസ് കാലത്ത്  നിങ്ങളുടെ ഹൃദയത്തിൽ അവനു ഇടം നല്കുമോ?? അതേ, അവൻ വാതിൽക്കൽ നിന്ന് മുട്ടുന്നു നിങ്ങൾ വാതിൽ തുറക്കുമെങ്കിൽ സമാധാന പ്രഭുവായവൻ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് കടന്നു വരും....


Sunday, November 23, 2014

PC: MALAYALAMANORAMA



           വരിക സഖീ,
           നമുക്കീ പ്രണയത്തിന്റെ മലകയറ്റങ്ങളിൽ ഒരുമിച്ചാകാം...
          ദു:ഖത്തിൻ മലയിറക്കങ്ങളിൽ ഞാൻ നിനക്കു താങ്ങാകാം...

          സ്വപ്നങ്ങളിൽ നീയെനിക്കൊപ്പം നടക്കൂ,
          നേരിന്റെ സന്ധ്യകളിൽ ഞാൻ നിൻ നിഴലാകാം...

          സമൃദ്ധിതൻ മഴയിൽ നനയാം നമുക്കൊന്നായ് ,
          ദാരിദ്ര്യതാപത്തിൽ തണലാകാം ഞാൻ നിനക്ക്...

          വരിക നീ സഖീ,
          നമുക്കിന്നീ പ്രണയമലയൊരുമിച്ച് കയറാം,
          നാളെകൾ നമ്മുടെതാകട്ടെ........................



ഹൃദയപൂർവ്വം,

വിജിത

Thursday, November 20, 2014

    


           പെയ്യാൻ മറന്നു പോയ ഏതോ മഴയുടെ തണുപ്പുമായ് കാത്തുനിൽക്കുകയാണ് സായാഹ്നം, ഈ ക്ലാസ്സ്‌ മുറിയ്ക്കു പുറത്ത്. തുറന്നിട്ട ജാലകങ്ങൾക്കിടയിലൂടെ എന്നെ തൊട്ട് വിളിക്കുന്ന സുഖമുള്ള തണുപ്പിനെ, ഏതോ സ്വപ്നങ്ങളുമായി എത്തിനോക്കുന്ന ഉറക്കത്തെ, ആയിരമായിരം ചിന്തകളെ ഒക്കെ അതിജീവിച്ച് കൊണ്ട് ഞാൻ ശ്രദ്ധിക്കുവാൻ ശ്രമിക്കുകയായിരുന്നു.... ദുർബലമായ എന്റെ പരിശ്രമങ്ങൾക്കപ്പുറം ഞാൻ ആലസ്യത്തിന്റെ കരിമ്പടം പുതച്ച് തുറന്ന കണ്ണുകളോടെ സ്വപ്നലോകങ്ങളിലേക്ക് യാത്രയാവുകയാണ്.....



ഹൃദയപൂർവ്വം,
വിജിത

Saturday, November 15, 2014

                  


                                   അർത്ഥമറിയാത്ത നൂറു നൂറു വാചകങ്ങൾക്കിടയിൽ ഞാനും എന്റെ ചിന്തകളും കുരുങ്ങി കിടക്കുന്നു. ഇടയ്ക്ക് പരിചിതമായ ചില വാക്കുകൾ തലച്ചോറിനെ തട്ടിയുണർത്തുന്നു എന്നതൊഴിച്ചാൽ പൂർണ്ണമായൊരു നിദ്രയിലാണ് ഞാൻ; കണ്ണു തുറന്നു വെച്ചുള്ള ഉറക്കം....

                                എന്റെ മുൻപിലെ ബോർഡിൽ കാണുന്ന നെടുകയും കുറുകയുമുള്ള വരകൾ എന്താണ് എന്നെനിക്ക് യാതൊരു സൂചനയുമില്ല. പണ്ടാരുടെയോ കോപ്പി ബുക്കിൽ ഏതോ അദ്ധ്യാപിക വെട്ടികളഞ്ഞ പേജിൽ കണ്ടവയെ ഓർമിപ്പിക്കുന്ന ചില അവ്യക്തമായ വാക്കുകളും അവയ്ക്കിടയിൽ കാണാം. ഇവയൊക്കെ ജീവിതത്തിലൊരിലെങ്കിലും ഉപയോഗം വരുമോ? വെറുതെ പരീക്ഷ പേപ്പറുകൾ നിറയ്ക്കാൻ മാത്രമായെന്തിനാണ് ജീവിതത്തിന്റെ ഇത്രയധികം നിമിഷങ്ങൾ നഷ്ടമാക്കി കളയുന്നത്??
 
ഹൃദയപൂർവ്വം,
വിജിത  
 

Saturday, November 1, 2014

ശ്രീയുള്ള ഭാഷ

                       





                                 മലയാളത്തിന്റെ ഭാഷാന്തരങ്ങളിൽ ഒന്നും മറ്റൊന്നിനെക്കാളും താഴ്ന്നതോ ഉയർന്നതോ അല്ലെന്ന് പലപ്പോഴും വായിച്ചിട്ടും കേട്ടിട്ടു അംഗീകരിക്കാതിരുന്ന എന്റെ മുൻപിലേക്കാണ് 'ക്വോശി' വിളികളും 'പിരാന്ത്' പറച്ചിലുകളുമായി 'ച്വോറ്‌' കഴിക്കുന്ന അവൾ ചിരിച്ചു കൊണ്ട് കടന്നു വന്നത്.
                          ഔപചാരികതയുടെ ഇസ്തിരിയിട്ട മലയാളം പറഞ്ഞും എഴുതിയും ശീലിച്ച എനിക്ക് ഇടയ്ക്കു വരുന്ന നാവു പിഴകൾ പോലും എന്നെ ലജ്ജിപ്പിക്കുമ്പോഴാണ് പ്രാദേശിക ഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഇവൾ തലയുയർത്തി നിൽക്കുന്നത്. ഞാനടങ്ങുന്ന 'പരിഷ്കൃത' ഭാഷാസ്നേഹികൾ ഇവളെ കല്ലെറിയുമ്പോൾ ഇടയ്ക്കെങ്കിലും ആ മനസ്സിൽ മുറിവേൽക്കുന്നുണ്ടാകാം.... എങ്കിലും, ആ മുറിവുകൾ അവളെ പശ മുക്കി ഇസ്തിരിയിട്ട ഭാഷ പഠിപ്പിക്കാതിരിക്കട്ടെ എന്ന് ഹൃദയംഗമായി ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഈ ഭാഷാശൈലിയാണ് അവളെ വ്യത്യസ്തയാക്കുന്നത്; അതിന്റെ സൌന്ദര്യമോ പരിശുദ്ധിയോ അവകാശപെടാൻ കഴിയുന്ന മറ്റൊരു ഭാഷയും ഈ ഭൂമുഖത്തിൽ ഇല്ല...
                            അതുകൊണ്ട്, അവൾ അവളായി തന്നെ തുടരട്ടെ.........................
ഹൃദയപൂർവ്വം,
വിജിത

Friday, August 29, 2014


       എവിടെനിന്ന് ഓടി രക്ഷപെടണം എന്ന് ആഗ്രഹിച്ചോ അവിടെയ്ക്ക് തന്നെ തിരിച്ചെത്തുക, ഒരു ബുമറാങ് പോലെ. അതൊരു വല്ലാത്ത അവസ്ഥയാണ്. അത്തരം ഒന്നാണ് എനിക്ക് സംഭവിച്ചിരിക്കുന്നതും.... ഇത്തവണ എനിക്കും ഇതിൽ പങ്കുണ്ട്, അതുകൊണ്ട് തന്നെ ആരേയും പഴിക്കുന്നില്ല ഞാൻ. എങ്കിലും..............................................

ഹൃദയപൂർവ്വം,
വിജിത




Tuesday, July 29, 2014


ആ കണ്ണുകളിലെ കുസൃതി, എനിക്കെന്നോ നഷ്ടമായ ആ കുസൃതി,  അതാണെന്നെ നിന്നിലേക്കടുപ്പിച്ചത് ; എന്നെ നിന്റെ സുഹൃത്താക്കിയത്. പക്ഷെ, അധികം വൈകാതെ ഞാനറിഞ്ഞു അത് നിന്റെ പൊയ്മുഖമായിരുന്നെന്ന്. അതിനു പിന്നിൽ ശവദാഹികളായ
അനേകം കഴുകന്മാരെ നീ അടച്ചിട്ടിരുന്നെന്ന്. വീണു പോയവരെ കൊത്തികീറിയും  വീഴാത്തവരെ തള്ളിയിട്ടും നീ ആർത്തട്ടഹസിച്ചു ആഘോഷിച്ചപ്പോഴെല്ലാം ഞാൻ ഒരു കാഴ്ച്ചകാരിയായി നിന്റെയരികിലുണ്ടായിരുന്നു. എനിക്ക് മുന്നറിയിപ്പ് തന്നവരെ ഞാൻ അവഗണിച്ചു. ഒരിക്കലും എന്റെ മീതെ നിന്റെ കഴുകന്മാർ പറന്നിറങ്ങില്ലെന്ന് വിശ്വസിച്ചു; വെറുതേ ആശിച്ചു...


നിന്റെ യുദ്ധങ്ങളെല്ലാം ഒളിപോരുകളായിരുന്നു. അനേകം ശിഖണ് ണ്ടികളെ
മുൻനിർത്തി നീ  കളിച്ചു. ചിലപ്പോഴൊക്കെ നീയെന്നെയും ആയുധമാക്കി. വൃത്തികെട്ട ആ കളിക്ക് ഞാൻ നിന്നുതരികയായിരുന്നു മന:പൂർവ്വം; കാരണം, ആ സൗഹൃദത്തെ  ഞാൻ അത്രയധികം വിലമതിച്ചിരുന്നു. പക്ഷെ ഒടുവിൽ.......... നിന്റെ ഒളിയമ്പുകൾ എന്റെ നേരെ പാഞ്ഞുവരുന്നത് ഞാൻ കണ്ടു. ആ കഴുകൻ നഖങ്ങൾ എന്റെ ഹൃദയത്തിൽ മുറിവേല്പ്പിച്ചു. . . .

എത്രയധികം ഞാൻ നിന്നെ സ്നേഹിച്ചുവോ അതിലുമേറെ വെറുപ്പോടെ ഞാൻ പറയട്ടെ, ഇനിയൊരവസരം ലഭിച്ചാൽ നിന്റെ പൊയ്മുഖം ഞാൻ വലിച്ചുകീറും; നീ കരയിച്ചവരുടെ മുൻപിലേക്ക് നീ എറിയപെടുന്ന കാലം വരും... അന്ന് നിന്റെ കണ്ണുനീരെന്നെ വേദനിപ്പിക്കില്ല. കാരണം നീ തകർത്തുകളഞ്ഞത് സൗഹൃദത്തിലുള്ള എന്റെ വിശ്വാസത്തെയാണ്. . . . .  .
ഹൃദയപൂർവ്വം,
വിജിത




പിൻകുറിപ്പ്‌: ഒരു സുഹൃത്ത് എന്താകരുതെന്ന്, ഒരു പെണ്‍കുട്ടി ഒരിക്കലും ചെയ്യരുതാത്തതെന്തെന്ന്, ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കരുതെന്ന് ഒക്കെ കാണിച്ചു തന്നതിന്  നന്ദി....

Monday, July 21, 2014

തെറ്റിദ്ധാരണ




'ലോകം എന്നെ തെറ്റിദ്ധരിക്കുന്നു' എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ വിശ്വസിച്ചു... അവളെ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിച്ചു...



ഇന്ന് ഞാൻ തിരിച്ചറിയുന്നു,  ഞാനും അവളെ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് !!




 ഹൃദയപൂർവ്വം,
വിജിത

Sunday, June 8, 2014

ഞാൻ കണ്ട ഏറ്റവും മാധുര്യമാർന്ന പെണ്‍കുട്ടിക്ക് സമർപ്പണം




തിരയുന്നു ഞാൻ മാധുര്യമേറും വാക്കുകൾ,
കാരണമെഴുതേണ്ടതുണ്ടെനിക്കു രേഖയെ കുറിച്ച്....
സുന്ദരി  സുശീല എന്നൊക്കെയുള്ളേതോ
വിവാഹപരസ്യം പോൽ നിൽക്കുന്നിവൾ,

എല്ലാം തികഞ്ഞവളായെൻ മുന്നിൽ....
ഹൃദയംഗമായി ചിരിക്കുന്നു,ഇടയ്ക്കെപ്പൊഴോ,
കുസൃതി  പറയുന്നു നിഷ്കളങ്കമായ്....
ദേഷ്യത്തിലും കാക്കുന്നിവൾ മാധുര്യമൊരൽപ്പം.

എന്നിൽ കാണാത്ത നന്മകൾ കാണാം ഇവളിൽ...
അച്ഛനുമമ്മയ്ക്കുമോമന പുത്രിയായ്,
ചേച്ചിക്കു പ്രീയ അനുജത്തിയായ്,
വളർത്തുതത്തയ്ക്ക് വാത്സല്യമായ്,
നാൻസിക്കു ഉറ്റസുഹൃത്തായ്,
സുന്ദരമാക്കുന്നിവളീ ജീവിതം...
കാണാം ഇവളിൽ സ്ത്രീതൻ ആയിരം ഭാവങ്ങൾ,
പെണ്ണായ്  പിറക്കുവാൻ  കൊതിപ്പിക്കും ഇവൾ നിങ്ങളെ !


എന്നോ എങ്ങു നിന്നോ വരേണ്ടൊരു വരനായി,
തന്നെ ഒരുക്കുന്നിവൾ സ്വയം;
ഭക്ഷണം കുറച്ചും, സൗന്ദര്യം കാത്തും...
ചുവരിൽ
ചാരി  നിൽക്കുമെന്നോടും
ചോദിച്ചു,
മെലിയേണ്ടതെങ്ങനെയെന്നൊരിക്കൽ
നീ....
മെലിഞ്ഞുപോയതിൽ എന്നോടു കലഹിക്കു-
മെൻ അമ്മയെയോർത്തു ചിരിച്ചു ഞാൻ,
'മെലിയുന്നതെന്തിനു, നീ സുന്ദരിയല്ലേയെന്നു'

മറുചോദ്യം ചോദിച്ചതോർക്കുന്നുവോ നീ?

അറിയുക തോഴീ നീയതു കളിവാക്കല്ലെന്നു,
സുന്ദരിയാണു നീ ,
ഹൃദയം നിമിത്തവും, രൂപത്തിനാലും
...

മാറേണ്ടതില്ല നീ ആർക്കായും.

നിനക്കായ് വരുമാ വരന്റെ
കൈപിടിക്കും
നേരത്ത്,
ഞാനുണ്ടാം നിൻ ചാരത്ത് പുഞ്ചിരിയോടെ,
അന്ന് വരെ ഓർക്കുക,
സുന്ദരിയാണു നീ ഹൃദയം നിമിത്തവും,
                                             രൂപത്തിനാലും............


[അതിനുശേഷം ഓർമിപ്പിക്കുവാൻ അദ്ദേഹമുണ്ടാകും! :P ]



ഹൃദയപൂർവ്വം,
വിജിത






 
NB: ഇതൊരു സാധാരണ പെണ്‍കുട്ടിയെ കുറിച്ചാണ്. എന്റെ കൂടെ പഠിച്ച വലിയ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു പെണ്‍കുട്ടി.. എന്നാൽ അവൾ പ്രസക്തയാവുന്നത് അസാധാരണമായ അവളുടെ മാധുര്യമേറുന്ന ജീവിതം കൊണ്ടാണ്.ഇവളെ കാണാതെ പോയവർ ഉണ്ടാകാൻ ഇടയില്ല.. കാരണം അവൾ എല്ലാവർക്കും ആ മാധുര്യം പകർന്നു  നൽകിയിരുന്നു.. എനിക്കും തന്നു അവൾ ഒരൽപം മാധുര്യം; അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ ആവില്ല എനിക്ക്.....
രേഖ, മറക്കുവാൻ ആകാത്ത ഓർമയായി  ഉണ്ടാകും നീയെന്നും എന്നുള്ളിൽ. നന്ദി, നീ പകർന്നു  തന്ന നന്മയുടെ മധുരത്തിന്....:)

Friday, May 23, 2014

എന്റെ ഗുൽമോഹർ


     


        എനിക്ക്  വാകമരങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്. ഗുൽമോഹർ എന്ന അതിന്റെ  മറുപേരും എന്നെ മോഹിപ്പിക്കുന്നു... ഓർമയുള്ള കാലം മുതൽ ഞാൻ  വിരഹച്ചുവപ്പുള്ള വാകമരങ്ങളെ പ്രണയിച്ചിരുന്നു... ഗുൽമോഹർ  മരങ്ങൾ  എവിടെ കണ്ടാലും ഞാൻ നോക്കി നിന്ന് പോകാറുണ്ട്.. അവ എന്നെ സന്തോഷിപ്പിക്കുന്നു.
           എന്ത് കൊണ്ടെന്നോ എങ്ങനെയെന്നോ അറിയാതെ നാം ചിലരെ സ്നേഹിക്കാറില്ലെ, അതുപോലെയാണ് എന്റെ ഈ ഇഷ്ടവും. എന്നെങ്കിലും ഒരിക്കൽ എന്റെ വീട്ടുമുറ്റത്തും ഒരു ഗുൽമോഹർ വച്ച് പിടിപ്പിക്കണം എന്നും എന്നിട്ടതിന്റെ ചുവട്ടിൽ  എനിക്കെന്റെതായൊരു ലോകം ഉണ്ടാക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു; പ്രണയവും സ്വപ്നങ്ങളും ഒക്കെയുള്ള ഒരു ലോകം....
                        മനസ്സിൽ  നട്ട ആയിരം വാകമരങ്ങളുടെ ഇടയിൽ  സ്വപ്നങ്ങളിലെ  പ്രണയത്തിനായ്‌  കാത്തുനില്ക്കുകയാണിന്ന് ഞാൻ. നാളെയുടെ ഏതെങ്കിലും ഒരു പുലരിയിൽ ആ പ്രണയവും ഗുൽമോഹറുകളും യഥാർത്ഥ്യമാകും എന്ന പ്രതീക്ഷയോടെ....... 
ഹൃദയപൂർവ്വം,
വിജിത

Wednesday, May 21, 2014

കാരണമറിയാത്ത ദുഖം



 

ഇടനെഞ്ചിൽ നിന്നുയരുന്നു നോവിൻ തുടികൊട്ട്,

ബഹ്യമാം കണ്ണിനറിയാത്തൊരേതോ മനോവേദന

എന്തുകൊണ്ടിങ്ങനെ പിടയുന്നതെന്റെ

ഉള്ളെന്നറിയില്ല, ഉള്ളതെന്തീ വേദനയ്ക്കൊരു പരിഹാരം?

തിമിർത്തു പെയ്യുമീ രാത്രിമഴയോട്

ചേർന്ന് ഞാനും
തേങ്ങുന്നു  ഉള്ളിന്റെയുള്ളിൽ

ഒരുറക്കം കഴിഞ്ഞുണരും നേരത്ത്

ശാന്തമാകാം ഈ മനസ്സ്......

ഒരു മിന്നൽപിണർ പോൽ

മാഞ്ഞിടാം ഈ വേദനയും.....

എങ്കിലുമെന്തോ , കുറിക്കുവാൻ

തോന്നിയെനിക്കീ  വേദനതൻ കഥ.

നിശാജീവിയാം  എന്റെ തോഴിയാണീ

നിഗൂഢമാം ദു:ഖവും എന്നു തോന്നുന്നു...

കാരണമോതാതെ എത്തുന്നിവൾ

രാത്രിതൻ  നിശ്ശബ്ദയാമങ്ങളിൽ ....
 
ആരോരുമറിയാതെ, എന്തിന്നെന്നറിയാതെ  തേങ്ങുന്നു ,

ആർക്കോവേണ്ടിയെൻ ഹൃത്തം .

'ഭ്രാന്തിൻ' ലക്ഷണമിതെന്നു ചങ്ങാതിയവൻ

കളിച്ചൊല്ലുന്നത്   കേട്ട്  ഖിന്നത-

യുണ്ടായെൻ മനമതിലും,

ഭ്രാന്തോ എനിക്കെന്ന് !!

ഭ്രാന്തല്ലിതു അറിയുന്നു ഞാനത്

പിന്നെയെന്തിതെന്ന ചോദ്യത്തിനു-

ത്തരവുമില്ലെന്റെ  കൈയ്യിൽ..............

ഏതോ ദു:ഖത്തിൻ മുന്നറിയിപ്പാകാം ,

പണ്ട് മാറ്റിവച്ചോരേതോ തേങ്ങലിൻ ബാക്കിയാകാം,

വെറുമൊരു  തോന്നലാകാം...

എന്താകിലും അറിയുന്നു ഞാൻ
 
നോവുന്നു എൻ ഹൃദയമെന്ന്.................

ഹൃദയപൂർവ്വം,
വിജിത

ആരും പറയാത്ത പ്രണയത്തിൻ കഥയുമായ്
എത്രയോ ജന്മങ്ങളവളലഞ്ഞു........

ആരുമെഴുതാത്ത ഇഷ്ടത്തിൻ കാവ്യമായ്
എത്രയോ ജന്മങ്ങളവനലഞ്ഞു...........


ഹൃദയപൂർവ്വം,
വിജിത

Friday, May 9, 2014

നഷ്ടസൗഹൃദo



ഓർക്കുന്നു ഞാനീ മഴയിൽ
നഷ്ടസൗഹൃദമേ  നിൻ മുഖം.
കളിച്ചും ചിരിച്ചും, പിന്നെ-
ക്കരഞ്ഞും പിരിഞ്ഞും,
മിണ്ടാതെ മിണ്ടിയും,
ഒടുവിലിണങ്ങിയും,
നാം കാത്തൊരാ സൗഹൃദത്തെ
ഓർക്കുന്നു ഞാനിന്ന്.....

എന്നിട്ടുമെങ്ങനെ ഓർമയിൽ മാഞ്ഞു,
സൗഹൃദമേ നീ?
അഹങ്കരിച്ചിരുന്നു ഞാൻ നിൻ
നിസ്തുല പ്രഭയിൽ ;
എന്നിട്ടുമെന്തേ അകന്നു പോയ്‌
നീയെൻ പ്രീയ സൗഹൃദമേ ?
ഓർക്കാതിരിക്കാൻ
ഓർക്കുന്നു ഞാൻ,
എന്നിട്ടും മറക്കുന്നില്ല
നിന്നെ ഞാൻ....................
ഹൃദയപൂർവ്വം,
വിജിത

Saturday, April 5, 2014

കഴിഞ്ഞു പോയെൻ ബാല്യം




ബാല്യമെനിക്കില്ലയിനിയെന്നോർക്ക നീ   മനസ്സേ...
ഇരുൾ വീണു മങ്ങി, ആ സ്വപ്നങ്ങളിനിയില്ല,

കളിക്കൂട്ടുകാരില്ല,
കളിവഞ്ചിതന്നോർമകളുമിനിയില്ല...

പള്ളികൂടയാത്രയിനിയില്ല,
ഏറിയ കാത്തിരിപ്പിനോടുവിലായെത്തുന്ന
അവധികാലവുമിനിയില്ല...

അർത്ഥമില്ലാത്തോരാ പന്തയങ്ങളില്ല ,
മഞ്ചാടിക്കുരുക്കളും കുന്നിമണികളും
കാത്തുവയ്ക്കുവാൻ  ഇടവുമില്ല...
പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിയെ-
ച്ചൊല്ലി   തർക്കങ്ങളുമിനിയില്ല...

വടി കണ്ടു വിറയ്ക്കുമാ ഉത്തരങ്ങളില്ല,
നിറമുള്ള റിബണുകളില്ല,
ബാക്കിവന്നൊരാ ചോക്കിൻ കഷണങ്ങൾ
മോഷ്ടിക്കുന്ന വിരുതരുമില്ല...

പാടവരമ്പിലൂടോടുവാൻ ബാല്യമിനിയില്ല,
കൗതുകമേറും ചോദ്യങ്ങളെൻ നാവിലിനിയില്ല...
അമ്മതൻ  സാരിതലപ്പിലിനിയെൻ കൈവിരൽ പിടിക്കില്ല;
അച്ഛന്റെ വിരലിൽ തൂങ്ങുവാനാവുന്ന
                                                        ബാല്യമെനിക്കിനിയില്ല...

കളിക്കോപ്പുകൾക്കായുള്ള വാശിയിനിയില്ല,
കുഞ്ഞു നേട്ടങ്ങൾ തൻ വലിയ സന്തോഷമിനിയില്ല,
പഞ്ചാരയുമ്മകളിനിയില്ല,
ചെറു പിണക്കങ്ങളുമിനിയില്ല...

മനസ്സേ, ഓർക്കുക ബാല്യം
എനിക്കിനിയില്ല.....
നഷ്ടമാകാത്തതാ ഓർമ്മകൾ മാത്രം...

ഹൃദയപൂർവ്വം,
വിജിത 


Tuesday, April 1, 2014

ഞാന്‍





പ്രണയിച്ചു ഞാന്‍ ജീവിതത്തെ,
അതിലുമേറെ മരണത്തെയും.

കണ്‍കളിലെതോ നക്ഷത്രത്തെ വഹിച്ചു,ഞാന്‍,
ഹൃദയത്തിലേറെ ശവകുടീരങ്ങളും.....

കാത്തു ഞാനൊരു പുഞ്ചിരി ചുണ്ടില്‍,
കണ്ണുനീരുറവയെന്‍ മനസ്സിലും...


ചൊല്ലി ഞാനായിരം കഥകള്‍,
ഒളിപ്പിച്ചു വച്ചെന്‍ നഷ്ടസ്വപ്നങ്ങളെ...

ഇതിലേതാണ് ഞാനെന്നറിയില്ല-
                                        യെനിക്കു പോലും....
നിങ്ങള്‍ അറിയുന്നതും എന്നെ,
ഞാനൊളിപ്പിച്ചു വച്ചതും എന്നെ....
ഹൃദയപൂർവ്വം,
വിജിത

Monday, February 17, 2014

പടിയിറക്കം




വീണ്ടുമൊരു പടിയിറക്കം കാത്തിരിക്കുന്നുവെന്നെ,
ദിവസങ്ങൾക്കപ്പുറമായ്  കാണുന്നു  ഞാനാ  ദിനം ...
കണ്ണുനിറയാതെയൊരു  പുഞ്ചിരിയോടെ ,
യാത്രയാകാൻ കൊതിക്കുന്നു  ഞാൻ......

ഹൃദയത്തിലിടം  നേടാത്ത കലാലയമേ,
വിട തരികെനിക്കു   നീയും നിർനിമേഷനായ്....
ഹൃദയത്തിലിടമുള്ള  മുഖങ്ങൾ  കരയിക്കുമോ  എന്നെ?

താടിക്കു  കൈ കൊടുത്തിരിക്കുമെൻ പാമിയെ ,

തമിഴിനെ  പ്രണയിക്കും മീരയെ ,
കലപില  കൂട്ടും  ആനിനെ ,
നോവലിൽ തലപൂഴ്ത്തിയിരിക്കും ആൻ മേരിയെ ,
കുട്ടിത്തം മാറാത്ത  കിരണിനെ,
വാചാലയാം  ക്രിസ്റ്റിയെ ,
മൗനിയാം ശരണ്യയെ ,
നിർവികാരയാം നാൻസിയെ ,
പാവം പാവം രേഖയെ,
സൗമ്യയാം ലക്ഷ്മിയെ ,
കുസൃതിയേറുന്ന ലിനുവിനെ,
ഹിന്ദി  മൊഴിയും ഷേർളിയെ,
തലയുയർത്തി നടക്കും അമീറയെ ,
നഷ്ടസൗഹൃദമാം രൂപയെ,
ഒന്നും മനസ്സിലാക്കാത്ത വരദയെ,
പുഞ്ചിരിക്കും ദീപ്തിയെ,
ഒറ്റയ്ക്കിരിക്കുന്ന അപർണയെ,
എൻ ബാല്യത്തിനോർമയാം നന്ദുവിനെ,
ശ്രുതി ചേർത്തു പാടുന്ന  ശ്രുതിയെ,
ട്വീറ്റിയായ്  മനസ്സിൽ  നിറയും നീനയെ,
ചിത്രങ്ങൾക്ക് മുഖം കൊടുക്കാത്ത ആര്യയെ,
ഒന്നും പറയാത്ത ആശ്വിനിയെ,
വേഗത്തിൽ വധുവായ അഖിലയെ,
കെഎംഎച്ചിന്റെ  വക്താവാം വേലുവിനെ,
ജീവിതം നടന്നുകയറുന്ന കൃഷ്ണയെ,
ബഹാമാസുകാരി ക്രിസ്റ്റീനെ,
രഹസ്യങ്ങളേറെ കാക്കും ജിഷയെ,
'പണക്കാരി 'യാo  നിധിഷയെ,
നിഷ്കളങ്ക മന്ദഹാസം തീർക്കും  ജുനിയെ,
അർത്ഥവ്യാപ്തിയോടെ നോക്കും ജിൻസിയെ,
നിറചിരിയുതിർക്കും നിമ്മിയെ,
പെട്ടെന്നെനിക്കു  സഹോദരനായ  റിക്കിനെ,
വ്യത്യസ്തനായ  ഷൈനിനെ,
നഴ്സറി ക്ലാസ്സു മുതൽ കാണുന്ന സാനുവിനെ,
'നായകൻ' സോനുവിനെ,
ചലച്ചിത്രകാരനാം അനീഷിനെ,
പ്രോഗ്രാമിലാശാൻ തര്യനെ,
പൊക്കക്കാരൻ  ജുഗുനുവിനെ,
വിസ്മയം തീർക്കും  ഗുണയെ,
മറക്കാതെന്നെ  വഴക്കുപറയും ജോർജ്ജിനെ,
ഏതോ കഥാപാത്രത്തെയോർമിപ്പിക്കും അപ്പുവിനെ,
'പണിയൊരുപാട് കിട്ടിയ' ക്രിസിനെ,
ഒരു നിമിഷം കൊണ്ട് ജീവിതത്തിൻ പടിയിറങ്ങിയ അനൂപിനെ,
ഉപദേശകനായി  വേഷം മാറും സിറിയക്കിനെ,
രാഷ്ട്രിയചിരിയുള്ള റമിതിനെ,
ധൃതിയിൽ പറഞ്ഞു  തീർക്കും  ടോമിനെ,
അകലത്തെ അയൽക്കാരനാം രാകേഷിനെ,
പൊതുസഹോദരനാo  ശിവാനന്ദനെ,
'മാമി 'യുടെ  സ്വന്തം ഷാജിയെ,

നവരസങ്ങൾ  നിറയും ഭരത്തിനെ,
വെള്ളം വറ്റിക്കും മണ്ണന്തല  മനുവിനെ,
ഉച്ചയ്ക്കു മുടങ്ങാതെത്തുന്ന ജിയോയെ,
ക്ലാസ്സിലെ ഈശ്വരനാം അരുണിനെ,

ഇഷ്ടസൗഹൃദങ്ങളിൽ മുഴുകും സുഹൈലിനെ,
-മറക്കുന്നതെങ്ങനെ ഞാൻ?
ഒരു മാത്ര  പിൻതിരിയാതെ
നടന്നകലുവാനാകുമോ എനിക്ക് ?

ഈ പടിയിറങ്ങുമ്പോൾ വെറുപ്പിൻ രണ്ടു-
മുഖങ്ങളും പേറുന്നു ഞാൻ ഹൃത്തിൽ,
ആവില്ല പൊറുക്കുവാൻ,
ക്ഷമിക്കട്ടെ കാലമെന്നോട്...............................

ഹൃദയപൂർവ്വം,
വിജിത

(പിൻകുറിപ്പ് : ഇവയെല്ലാം എന്റെ മാത്രം കാഴ്ചപാടുകളാണ്, ആരെയെങ്കിലും ഇവ വേദനിപ്പിക്കുന്നെങ്കിൽ മാപ്പ്... ഹൃദയoഗമായ  മാപ്പ്..)


Tuesday, February 4, 2014

The one n' only Christy Panicker!!!



നിന്നെയാദ്യമായ് കണ്ട നാൾ,
ഓർത്തതൊരു ചൂരലിൻ ശബ്ദം.
കണ്ടു മറന്നൊരു അദ്ധ്യാപിക തൻ-
മുഖമോർത്ത് നിന്നു ഞാനന്ന്.

                             പിന്നെ കണ്ടു നീ സ്റ്റേജിൽ
                                                                   തകർക്കുന്നത്,
                            കേട്ടു നിൻ ആരവങ്ങൾ.
                            ആർത്തട്ടഹസിക്കും നിന്നെ ഞാൻ കണ്ടു,
                            നീ ജീവിതം ആഘോഷിക്കുന്നതും
                                                                                          കണ്ടു....


നിറമുള്ള പേനകൾ കൊണ്ടെഴുതും
നിന്നെ കണ്ടു ഞാൻ ക്ലാസ്സിൽ,
ഗൌരവത്തോടെ പഠിക്കും നിൻ-
മുഖം കണ്ടു, പരീക്ഷാനാളിൽ....

                           വ്യത്യസ്തമാം വളകളും,
                           ആരും കാണാത്ത മാലകളും,
                           നൂറ് നൂറ് ആടയാഭരണങ്ങളുമായ്
                          
വ്യത്യസ്തയാകുന്നു നീ..........
 

നിർത്താതെ പറയുന്നു നീ
ആയിരം കഥകൾ,
നിൽക്കുന്നു ഞങ്ങളിൽ പലരും,
കഥയറിയാതെ...............!

                           സ്നേഹിക്കുന്നു നീ രുചിയുള്ള
                                                                            ഭക്ഷണത്തെ,
                           നിരാശയോടെ കഴിക്കുന്നു
                                                                            സസ്യാഹാരം.
                          കാണേണ്ടതാണു നിൻ  മുഖം,
                          വിശുദ്ധമാം നോമ്പുകാലത്ത്!

മുഖത്ത് നിറയുമായിരം രസങ്ങളും,
നിന്റെ മാത്രം സ്വന്തമാം ആംഗ്യങ്ങളും,
നീ പറയും 'പ്രശ്നം പിടിച്ച' വാക്കുകളും,
എല്ലാം സുഖമുള്ള കാഴ്ചയാക്കുന്നു, നിന്നെ..........................

ഹൃദയപൂർവ്വം ,
വിജിത

Dedicated to Ann Elizabeth



എഴുതുമോ നീയെന്നേക്കുറിച്ചെന്നു

ചോദിച്ചവൾ പുഞ്ചിരിയോടെ,

ഇല്ലെന്നുത്തരം പറഞ്ഞയെന്നെ
കുസൃതിച്ചിരിയോടെ നോക്കിയവൾ,
മറുചോദ്യം ചോദിച്ചു പരിഭവമോടെ-
താൻ സത്സ്വഭാവിയല്ലെയെന്ന്!

                      അറിയില്ലെനിക്കധികമൊന്നും,
                      എങ്കിലും  എഴുതാതിരിക്കുന്നതെങ്ങനെ ഞാൻ?
                      സഹപാഠിയാണു നീയെനിക്ക്,
                      എന്റെ പിൻബെഞ്ചിലെ വാചാലയാം
                                                                                  കൂട്ടുകാരി.

നിർത്താതെ കഥപറയുന്നു നീ,
പൊട്ടിച്ചിരിക്കുന്നു മറ്റൊന്നുമോർക്കാതെ,
ഇടവിടാതെ കൈയോടിക്കുന്നു നീ,
നിൻ തലമുടിയിലൂടെ, താലോലമെന്നവണ്ണം.....

                     എഴുതാത്ത നോട്ടിന്റെ ബാക്കിയറിയാൻ
                     തിരയുന്ന എൻ മുന്നിലേക്ക്‌
                     നീക്കി വയ്ക്കുന്നു നീ നിൻ  പുസ്തകം,
                     പൂർത്തിയായില്ലെങ്കിലും.........
                     ശാസിക്കുന്നു നീയെന്നെ സ്നേഹം ചാലിച്ച്,
                     ഓർപ്പിക്കുന്നു തിരിഞ്ഞിരിക്കാൻ....

കാത്തുവച്ചിരിക്കുന്നു നീയൊരു-
നുള്ള്  നിഷ്കളങ്കതയുള്ളിൽ,
നഷ്ടമാകാതിരിക്കട്ടെയതു നിനക്ക് ,
ഒപ്പം നിൻ പൊട്ടിച്ചിരികളും...............................



ഹൃദയപൂർവ്വം,
വിജിത
                                                                               

Sunday, January 5, 2014

നീ



കാണുന്നതെല്ലാം നീയെന്നു തോന്നും
കാണാത്തതും നിന്നെയെന്നു തോന്നും.......
ഹൃദയപൂർവ്വം,
വിജിത