Sunday, August 11, 2024

തബീഥാ - ഒരു ചെറു ചിന്ത

അന്ന് യോപ്പയിലെ ഒരു വീട്ടിൽ നിന്ന് നിലവിളിയുയർന്നു. അതേ, അവിടെ തബീഥായെ തേടി മരണമെത്തിയിരിക്കുന്നു... അവൾ തുന്നി പൂർത്തിയാക്കാത്ത ഉടുപ്പുകൾ, ഇനിയുമെടുക്കാത്ത പുത്തൻ തുണിത്തരങ്ങൾ ഒക്കെ അവളുടെ നന്മയുടെ ഓർമയായി അവിടെ നിറഞ്ഞിരുന്നു. അനേകർക്ക്‌ ഉപകാരിയായവളെ മരണം കൊണ്ടു പോയി എന്നത് അവിടെ കൂടിയിരുന്നവരിൽ തേങ്ങലുയർത്തി. 

ദുഃഖം തളം കെട്ടി നിന്ന ആ വീട്ടിലേക്കാണ് പത്രോസ് കടന്നു വന്നത്. യോപ്പയിലെ ആ നന്മവൃക്ഷത്തെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കുന്നത് ശരിയല്ല എന്ന് അപ്പോസ്തലന് തോന്നി കാണണം; താൻ മുട്ടുമടക്കി അവൾക്കായി പ്രാർത്ഥിച്ചു. ജീവൻ്റെ  ഉടമസ്ഥന് അവൾക്കു ജീവൻ നല്കുവാൻ മനസ്സായി; തനിക്കു വേണ്ടി കരഞ്ഞവരുടെ മുൻപിൽ ജീവനുള്ളവളായി അവൾ എഴുന്നേറ്റു നിന്നു ! 

മരണത്തിൽ നിന്ന് പോലും തിരികെ കൊണ്ടുവരുന്ന ഒരു നന്മ അവളിലുണ്ടായിരുന്നു. ആരുമില്ലാത്തവരുടെ ജീവിതത്തിൽ ഒരു മെഴുകുതിരി പോലെ എരിയുവാൻ അവൾ ഇനിയും ഉണ്ടാകണമെന്ന് സ്വർഗ്ഗസ്ഥനായ പിതാവിനെ ചിന്തിപ്പിച്ച നന്മ! 

നമ്മിൽ അങ്ങനെയൊരു ഫലം നമ്മുടെ നാഥൻ കണ്ടെത്തുമോ? 


ഹൃദയപൂർവ്വം ,

വിജിത