Wednesday, September 22, 2021

 മറവികൾ അനുഗ്രഹമാണെന്ന് പറഞ്ഞപ്പോൾ ആണ് അവളെന്നെ തുറിച്ചു നോക്കിയത്... 

 ഞാൻ അവളെ മറന്നപ്പോൾ, അവളിലേക്കുള്ള വഴികൾ മറന്നപ്പോൾ, അവൾ ഓർമകളിൽ മുഴുകി വർത്തമാനകാലത്തിന് ഭ്രാന്തി ആയി മാറിയത് അവൾ ഓർക്കുന്നുണ്ടാകുമോ എന്നൊരു ഭയം എന്നെ കൈനീട്ടി പിടിച്ചു ഇരുട്ടിലാക്കി കളഞ്ഞത് അപ്പോൾ മുതലാണ്...


ഹൃദയപൂർവ്വം,

വിജിത

Thursday, September 16, 2021

ഒന്നും പറയാനില്ലാത്ത മൗനം എനിക്കും നിനക്കുമിടയിൽ വിരസത സൃഷ്ടിക്കാതെ നോക്കുന്ന ചില ഇമോജികളുണ്ട് - എന്നെയും നിന്നെയും ഇന്നും നമ്മളായി തുടരാൻ സഹായിക്കുന്നവർ! 


ഹൃദയപൂർവ്വം,

വിജിത

Thursday, July 8, 2021

എന്നിലെ മൗനത്തെ നീ ദൂരത്ത് നിന്ന് വായിച്ചറിയുമ്പോഴാണ് നീയും ഞാനും നമ്മളാകുന്നത്.



ഹൃദയപൂർവ്വം,

വിജിത

Sunday, June 27, 2021

 


പ്രണയമേ, നീ എന്നിലേക്ക് മടങ്ങുന്നിടത്തോളം നിൻ്റെ നീണ്ട യാത്രകൾ എനിക്ക് സമ്മതമാണ്.....


ഹൃദയപൂർവ്വം

വിജിത

 

Tuesday, June 22, 2021



രാത്രിമഴ വീണ്ടുമെത്തുന്നു എൻ ജനാലയ്ക്കരികിൽ, 

എന്തേ മറന്നതെന്ന് പരിഭവം പറയ്‌കയാമോ അവൾ? 


അതോ എന്നെ അറിയാത്ത എന്നെ നോക്കി ചിരിക്കുന്നതോ? 


എന്താകിലും കൂട്ടായ് നിൽക്കുന്നു അവളെനിക്കിന്നും....


ഹൃദയപൂർവ്വം, 

വിജിത

Friday, June 4, 2021

 എൻ്റെ കയ്യിൽ നിനക്കായൊരു പ്രണയലേഖനമുണ്ട്, 

പ്രണയാതുരയായ ഒരുവൾ തന്നയച്ചത്; 


നിന്നോട് പറയാൻ അവൾ തന്ന സന്ദേശത്തിന്,

ഇപ്പോഴും ഹൃദയ തുടിപ്പിൻ്റെ താളമുണ്ട്. 


പ്രണയത്താൽ അവൾ വിവശയാണ്,

ലോകത്തെ അവൾ കാണുന്നില്ല; 


നിൻ്റെ ആലിംഗനത്തിൻ്റെ ഓർമയിൽ 

അവളുടെ ശരീരമിന്നും വിറയ്ക്കുന്നുണ്ട്. 


നീ നൽകാതെ കാത്തുവെച്ച ചുംബനങ്ങളുടെ ഓർമ്മ, 

അവളെ വല്ലാതെയലട്ടുന്നു. 


രാത്രിയുടെ യാമങ്ങളിൽ അവളുടെ കാതുകൾ,

കാലൊച്ചകൾക്കായി കാതോർക്കുന്നു..   


നിൻ്റെ താളലയങ്ങളിലിന്നും അവൾ

തൻ്റെ ഹൃദയതാളം കണ്ടെത്തുന്നു; 


ഒടുവിലായ്, അവൾക്കായി മാത്രം നീയൊരു - 

പ്രേമരാഗം മീട്ടുമെന്നവൾ ആശിക്കുന്നു... 


നീ അവൾക്കായി വരികയില്ലെന്നറിഞ്ഞിട്ടും 

അവളിന്നും പ്രണയാതുരയാണ്.. 


നിൻ്റെ സ്വപ്നങ്ങളിൽ അവൾ എത്താറുണ്ടെന്ന്, 

എന്നോടവൾ സത്യം ചെയ്തതാണ്! 


സൂര്യോദയത്തിൽ തൻ്റെ സ്വപ്നം -

 തകരുമെന്നറിഞ്ഞാവണം,


അവളെന്നെയീ രാവിൽ പറഞ്ഞയച്ചത്, 

അവളത്രമേൽ പ്രണയത്താൽ വിവശയാണ്!


വിശ്വസ്തതയോടെ,

ഒരു ഹംസം


Thursday, May 27, 2021

മൗനം

 വാക്കുകൾക്കപ്പുറമെന്തോ  ഒന്ന് പറയാൻ ഹൃദയം ആഗ്രഹിക്കുമ്പോഴാകാം ഞാൻ നിശ്ശബ്ദയാകുന്നത്.... 

 


ഹൃദയപൂർവ്വം ,

വിജിത 

Thursday, May 13, 2021

ഞാൻ മറന്ന എൻ്റെ തൂലികയ്‌ക്ക് സമർപ്പണം

    അനുഭവത്തിൻ്റെ ചില്ലുകൊണ്ട് മുറിഞ്ഞിട്ടും കണ്ണുനീരിനെ പോലും മഷിയാക്കി എഴുതാൻ കഴിയുന്നൊരു തൂലിക ഉണ്ടായിരുന്നു എൻ്റെ കൈയിൽ.. ആർക്കും നൽകാതെ ഞാൻ എൻ്റെ നിഗൂഢതകളിലേക്ക് പോലും ഒളിപ്പിച്ച് കടത്തിരിയിരുന്ന, എവിടെ ഇരുന്നും എപ്പോഴും എന്തെങ്കിലുമൊക്കെ കുത്തികുറിക്കാൻ  ഉതകിയിരുന്ന ഒന്ന്.... 


   അതാണ് ഞാൻ എവിടെയോ മറന്ന് വെച്ചത്, പിന്നെയൊരുപാട് തിരഞ്ഞിട്ടും കിട്ടാതെ പോയത്... ഇന്ന് ആ തൂലികയുടെ ഓർമയിൽ ആണീ കുറിപ്പ്..... എന്നിലെ അക്ഷരങ്ങളെയും എനിക്ക് കൈമോശം വന്നുവോ എന്ന് അറിയാൻ മാത്രമായ്........ 

ഹൃദയപൂർവ്വം,
വിജിത