പ്രണയമേ, നീ എന്നിലേക്ക് മടങ്ങുന്നിടത്തോളം നിൻ്റെ നീണ്ട യാത്രകൾ എനിക്ക് സമ്മതമാണ്.....
ഹൃദയപൂർവ്വം,
വിജിത
എൻ്റെ കയ്യിൽ നിനക്കായൊരു പ്രണയലേഖനമുണ്ട്,
പ്രണയാതുരയായ ഒരുവൾ തന്നയച്ചത്;
നിന്നോട് പറയാൻ അവൾ തന്ന സന്ദേശത്തിന്,
ഇപ്പോഴും ഹൃദയ തുടിപ്പിൻ്റെ താളമുണ്ട്.
പ്രണയത്താൽ അവൾ വിവശയാണ്,
ലോകത്തെ അവൾ കാണുന്നില്ല;
നിൻ്റെ ആലിംഗനത്തിൻ്റെ ഓർമയിൽ
അവളുടെ ശരീരമിന്നും വിറയ്ക്കുന്നുണ്ട്.
നീ നൽകാതെ കാത്തുവെച്ച ചുംബനങ്ങളുടെ ഓർമ്മ,
അവളെ വല്ലാതെയലട്ടുന്നു.
രാത്രിയുടെ യാമങ്ങളിൽ അവളുടെ കാതുകൾ,
കാലൊച്ചകൾക്കായി കാതോർക്കുന്നു..
നിൻ്റെ താളലയങ്ങളിലിന്നും അവൾ
തൻ്റെ ഹൃദയതാളം കണ്ടെത്തുന്നു;
ഒടുവിലായ്, അവൾക്കായി മാത്രം നീയൊരു -
പ്രേമരാഗം മീട്ടുമെന്നവൾ ആശിക്കുന്നു...
നീ അവൾക്കായി വരികയില്ലെന്നറിഞ്ഞിട്ടും
അവളിന്നും പ്രണയാതുരയാണ്..
നിൻ്റെ സ്വപ്നങ്ങളിൽ അവൾ എത്താറുണ്ടെന്ന്,
എന്നോടവൾ സത്യം ചെയ്തതാണ്!
സൂര്യോദയത്തിൽ തൻ്റെ സ്വപ്നം -
തകരുമെന്നറിഞ്ഞാവണം,
അവളെന്നെയീ രാവിൽ പറഞ്ഞയച്ചത്,
അവളത്രമേൽ പ്രണയത്താൽ വിവശയാണ്!
വിശ്വസ്തതയോടെ,
ഒരു ഹംസം