Friday, May 23, 2014

എന്റെ ഗുൽമോഹർ


     


        എനിക്ക്  വാകമരങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്. ഗുൽമോഹർ എന്ന അതിന്റെ  മറുപേരും എന്നെ മോഹിപ്പിക്കുന്നു... ഓർമയുള്ള കാലം മുതൽ ഞാൻ  വിരഹച്ചുവപ്പുള്ള വാകമരങ്ങളെ പ്രണയിച്ചിരുന്നു... ഗുൽമോഹർ  മരങ്ങൾ  എവിടെ കണ്ടാലും ഞാൻ നോക്കി നിന്ന് പോകാറുണ്ട്.. അവ എന്നെ സന്തോഷിപ്പിക്കുന്നു.
           എന്ത് കൊണ്ടെന്നോ എങ്ങനെയെന്നോ അറിയാതെ നാം ചിലരെ സ്നേഹിക്കാറില്ലെ, അതുപോലെയാണ് എന്റെ ഈ ഇഷ്ടവും. എന്നെങ്കിലും ഒരിക്കൽ എന്റെ വീട്ടുമുറ്റത്തും ഒരു ഗുൽമോഹർ വച്ച് പിടിപ്പിക്കണം എന്നും എന്നിട്ടതിന്റെ ചുവട്ടിൽ  എനിക്കെന്റെതായൊരു ലോകം ഉണ്ടാക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു; പ്രണയവും സ്വപ്നങ്ങളും ഒക്കെയുള്ള ഒരു ലോകം....
                        മനസ്സിൽ  നട്ട ആയിരം വാകമരങ്ങളുടെ ഇടയിൽ  സ്വപ്നങ്ങളിലെ  പ്രണയത്തിനായ്‌  കാത്തുനില്ക്കുകയാണിന്ന് ഞാൻ. നാളെയുടെ ഏതെങ്കിലും ഒരു പുലരിയിൽ ആ പ്രണയവും ഗുൽമോഹറുകളും യഥാർത്ഥ്യമാകും എന്ന പ്രതീക്ഷയോടെ....... 
ഹൃദയപൂർവ്വം,
വിജിത

Wednesday, May 21, 2014

കാരണമറിയാത്ത ദുഖം



 

ഇടനെഞ്ചിൽ നിന്നുയരുന്നു നോവിൻ തുടികൊട്ട്,

ബഹ്യമാം കണ്ണിനറിയാത്തൊരേതോ മനോവേദന

എന്തുകൊണ്ടിങ്ങനെ പിടയുന്നതെന്റെ

ഉള്ളെന്നറിയില്ല, ഉള്ളതെന്തീ വേദനയ്ക്കൊരു പരിഹാരം?

തിമിർത്തു പെയ്യുമീ രാത്രിമഴയോട്

ചേർന്ന് ഞാനും
തേങ്ങുന്നു  ഉള്ളിന്റെയുള്ളിൽ

ഒരുറക്കം കഴിഞ്ഞുണരും നേരത്ത്

ശാന്തമാകാം ഈ മനസ്സ്......

ഒരു മിന്നൽപിണർ പോൽ

മാഞ്ഞിടാം ഈ വേദനയും.....

എങ്കിലുമെന്തോ , കുറിക്കുവാൻ

തോന്നിയെനിക്കീ  വേദനതൻ കഥ.

നിശാജീവിയാം  എന്റെ തോഴിയാണീ

നിഗൂഢമാം ദു:ഖവും എന്നു തോന്നുന്നു...

കാരണമോതാതെ എത്തുന്നിവൾ

രാത്രിതൻ  നിശ്ശബ്ദയാമങ്ങളിൽ ....
 
ആരോരുമറിയാതെ, എന്തിന്നെന്നറിയാതെ  തേങ്ങുന്നു ,

ആർക്കോവേണ്ടിയെൻ ഹൃത്തം .

'ഭ്രാന്തിൻ' ലക്ഷണമിതെന്നു ചങ്ങാതിയവൻ

കളിച്ചൊല്ലുന്നത്   കേട്ട്  ഖിന്നത-

യുണ്ടായെൻ മനമതിലും,

ഭ്രാന്തോ എനിക്കെന്ന് !!

ഭ്രാന്തല്ലിതു അറിയുന്നു ഞാനത്

പിന്നെയെന്തിതെന്ന ചോദ്യത്തിനു-

ത്തരവുമില്ലെന്റെ  കൈയ്യിൽ..............

ഏതോ ദു:ഖത്തിൻ മുന്നറിയിപ്പാകാം ,

പണ്ട് മാറ്റിവച്ചോരേതോ തേങ്ങലിൻ ബാക്കിയാകാം,

വെറുമൊരു  തോന്നലാകാം...

എന്താകിലും അറിയുന്നു ഞാൻ
 
നോവുന്നു എൻ ഹൃദയമെന്ന്.................

ഹൃദയപൂർവ്വം,
വിജിത

ആരും പറയാത്ത പ്രണയത്തിൻ കഥയുമായ്
എത്രയോ ജന്മങ്ങളവളലഞ്ഞു........

ആരുമെഴുതാത്ത ഇഷ്ടത്തിൻ കാവ്യമായ്
എത്രയോ ജന്മങ്ങളവനലഞ്ഞു...........


ഹൃദയപൂർവ്വം,
വിജിത

Friday, May 9, 2014

നഷ്ടസൗഹൃദo



ഓർക്കുന്നു ഞാനീ മഴയിൽ
നഷ്ടസൗഹൃദമേ  നിൻ മുഖം.
കളിച്ചും ചിരിച്ചും, പിന്നെ-
ക്കരഞ്ഞും പിരിഞ്ഞും,
മിണ്ടാതെ മിണ്ടിയും,
ഒടുവിലിണങ്ങിയും,
നാം കാത്തൊരാ സൗഹൃദത്തെ
ഓർക്കുന്നു ഞാനിന്ന്.....

എന്നിട്ടുമെങ്ങനെ ഓർമയിൽ മാഞ്ഞു,
സൗഹൃദമേ നീ?
അഹങ്കരിച്ചിരുന്നു ഞാൻ നിൻ
നിസ്തുല പ്രഭയിൽ ;
എന്നിട്ടുമെന്തേ അകന്നു പോയ്‌
നീയെൻ പ്രീയ സൗഹൃദമേ ?
ഓർക്കാതിരിക്കാൻ
ഓർക്കുന്നു ഞാൻ,
എന്നിട്ടും മറക്കുന്നില്ല
നിന്നെ ഞാൻ....................
ഹൃദയപൂർവ്വം,
വിജിത