Tuesday, April 14, 2020

നിന്നിലൂടെ. . .

ഇന്ന് ഞാൻ മുറ്റത്തേക്കിറങ്ങവേ,
കണ്ടൊരു കൊച്ചു ചിത്രശലഭത്തെ;
എൻ പ്രീയ പനിനീർ ചെടിയെ
ചുംബിച്ചു പറക്കുന്നൊരാ-
                                            ശലഭത്തിനെന്തു ഭംഗി.


ഒരു കുഞ്ഞു പുഴുവായ് ജീവിച്ച നാൾ
നീ തിന്നു തീർത്തൊരിലകൾ കാട്ടി-
കണ്ണീരിൽ കുതിർന്നൊരു പുഞ്ചിരിയെനിക്ക്
സമ്മാനിപ്പൂ എൻ കൊച്ചു നാരകം. . .


നാളുകൾ ചിലത് കഴിഞ്ഞപ്പോൾ
സമാധിയിലാണ്ടു നീ ആ ഇലത്തുമ്പിൽ;
ഇന്നു നേടിയൊരീ സൗന്ദര്യം,
ഈശ്വരദാനമെന്നോർക്ക നീ
                                                    എൻ ശലഭമേ. . .



പറന്നകലുകയാണോ നീ,
എൻ കൊച്ചുപൂന്തോപ്പിൽ നിന്നും?
നീലാകാശത്തിൽ നിൻ സോദരങ്ങളെ
തേടി പുറപ്പെടുന്നുവോ നീ?


ഈ കൊച്ചു വർണ്ണചിറകുകൾ വിരിച്ചു
                                                                            നീ ചെല്ലുക-
ഓരോ പൂവിനരികിലും, നൽകുക ഒരു 

                                                                           ചെറു പുഞ്ചിരി ഏവർക്കും.
നിറയട്ടെ നിന്നിലൂടെ ഈ ഭൂവിൽ
ആനന്ദവും, ശാന്തിയും, വർണ്ണങ്ങളും. . . .





ഹൃദയപൂർവ്വം,
വിജിത


 


(ആദ്യമായി അച്ചടി മഷി പുരണ്ട എന്‍റെ കവിത ഇതാണ്. കളിവീണ എന്ന ബാലമാസികയിൽ ആണിതന്ന് അച്ചടിച്ച് വന്നത്;ഏകദേശം 10-11  വര്ഷങ്ങൾക്ക് മുൻപ്... )

Friday, April 3, 2020




നഷ്ടബാല്യത്തിൻ്റെ കുസൃതികളെ, കൗമാരത്തിൻ്റെ സ്വപ്നങ്ങളെ തിരികെ കിട്ടുവാൻ ഇന്നിൻ്റെ യൗവ്വനം കൊതിക്കുന്നു... 




ഹൃദയപൂർവ്വം,
വിജിത 

Wednesday, April 1, 2020

ജീവിക്കാൻ വിധിക്കപ്പെട്ടവൻ

പനിനീർചെടികളോടന്ന് ചോദിച്ചു ഞാനൊരു പൂവ്,
തന്നില്ലയവരെനിക്കാ സ്വപ്നങ്ങൾ തൻ ചെമ്പനീർപൂവ്. . .

പൂങ്കാറ്റിനോട് ചോദിച്ചു ഞാനൊരൽപ്പം നറുമണം
തന്നില്ലയവനെൻ പ്രണയത്തിൻ നഷ്ടഗന്ധം.

മഴയോട് ചോദിച്ചു ഞാനൊരു താരാട്ട്,
തന്നതില്ലയവൾ ഞാൻ മറന്നയാ സംഗീതം

നക്ഷത്രങ്ങളോട് കെഞ്ചി ഞാനാ പുഞ്ചിരിക്കായ്
ഗോഷ്ടി കാണിച്ചവരെന്നെ നോക്കി. . .

രാത്രിയോട് ചോദിച്ചു ഞാനൊരു സ്വപ്നം,
തന്നില്ലയവളെനിക്ക് സുന്ദരമാം കനവുകൾ!

ഭൂമിയോടപേക്ഷിച്ചു ഞാനൊരല്പം ദയയ്ക്കായ് -
ആട്ടിപായിച്ചെന്നെ ക്രൂരമായ്‌;

ഒടുവിൽ ചോദിച്ചു ഞാൻ മൃത്യുവോടൊരൽപ്പം
                                                                                                  നിശ്ശബ്‌ദത
വിലക്കപ്പെട്ടെനിക്കാ മരണം പോലും. . .

ജീവിതം ജീവിച്ചു തീർക്കുവാൻ

വിധിക്കപെട്ടവൻ  ഞാൻ,
ചോദിക്കട്ടെ അവളെന്നോട് പ്രണയം 
തിരിക്കുമെൻ മുഖം ഞാനുമന്ന്‌,
വിറ്റുകഴിഞ്ഞല്ലോ  ഞാനെൻ ഹൃദയം-
വേദനിക്കില്ലയെനിക്കെന്നുറപ്പ്;
എങ്കിലും . . . . ആവുമോ എനിക്കതിന്?

ഹൃദയപൂർവ്വം,
വിജിത  


Wednesday, March 25, 2020



       ഒരിക്കലും വരാത്ത അതിഥിയെയും കാത്തിരുന്ന  ബാല്യകൗമാരങ്ങൾ കടന്നു ഞാൻ നടക്കുകയാണ്, ഒറ്റയ്ക്ക്. . . . . .




ഹൃദയപൂർവ്വം ,
വിജിത 




                            പ്രണയിച്ചവൻ മറ്റൊന്നുമറിയാതെ
                           ദൂരെ കണ്ടൊരാ തൊട്ടാവാടി പൂവിനെ, 

                           ചെമ്പനീർ പൂവെന്നോർത്ത് . . . .


ഹൃദയപൂർവ്വം ,
വിജിത 


Tuesday, March 24, 2020






മഴേ , എൻ്റെ  പ്രണയം നിന്നോടാണ് . . . നീ പെയ്തൊഴിയുമ്പോൾ  നിറയുന്നതെൻ്റെ  മനസ്സാണ്, തോരുന്നതെൻ്റെ  കണ്ണുനീരും. . .







ഹൃദയപൂർവ്വം ,
വിജിത 

Monday, March 23, 2020







പുറത്ത് മഴ പെയ്യുകയാണ്. . . ഹൃദയത്തെ തൊട്ടുണർത്തുന്ന സംഗീതവുമായി മറ്റൊരു രാത്രി മഴ. ഓർമകളുടെ താളം തിരിച്ചറിയുകയാണ് ഞാൻ. . .


ഹൃദയപൂർവ്വം, 
വിജിത 

Sunday, March 22, 2020

ഒരു ഭ്രാന്ത്


      എനിക്കവനോട് പ്രണയമാണോ? അല്ല,അത്  വെറുമൊരു കൗതുകമാണ്. കൗതുകങ്ങളെ ആരും പ്രണയമെന്ന് വിളിക്കാറില്ലല്ലോ. സദാചാരക്കണ്ണുകൾക്കിടയിലൂടെ ഞാനാ മുഖം തിരയുന്നത് വെറും കൗതുകം കൊണ്ട് മാത്രമാണോ എന്നൊരു കുഴപ്പം പിടിച്ച ചോദ്യം ചോദിക്കുന്നു ഈ മനസ്സ്, അല്ലെങ്കിലും,ഈയിടയായി ഈ മനസ്സത്ര ശരിയല്ല- എന്തൊക്കെയോ വെറുതെ പുലമ്പുന്നു. 

      അത് പ്രണയമല്ലെന്ന്  പറഞ്ഞു പഠിക്കുന്നു ഞാൻ, കാരണം, ആ വാക്ക് പറഞ്ഞു വഞ്ചിച്ച ചിരിയുടെ ഓർമ്മ എന്നെ നടുക്കുന്നുണ്ടിപ്പോഴും, ചില്ലുകൊണ്ട്  മുറിവേറ്റ പോലെ ഹൃദയം വേദനിക്കുന്നുമുണ്ട്. . . .

     എന്തൊക്കെയാണെങ്കിലും എന്നെയറിയാത്ത നിൻ്റെ മുഖം ഇങ്ങനെ കാണുന്നതൊരു സുഖമാണ്. . . .ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഞാൻ നിന്നെ തിരഞ്ഞു പിടിക്കുന്നത് അതുകൊണ്ടാണ്. നീ ഒരിക്കലും എന്നെ കാണില്ലെന്നും എൻ്റെയീ ഭ്രാന്തറിയില്ലെന്നും എനിക്കറിയാം; ഇതിലെ തെറ്റും ശരിയും എനിക്കറിയുകയുമില്ല. 

          നാളെ നീ മറ്റാരുടെയെങ്കിലും സ്വന്തമാണെന്നോ ആകുന്നെന്നോ അറിയുന്ന നാൾ വരെ നീ എൻ്റെ  പ്രീയപ്പെട്ട കൗതുകമായിരിക്കും. അതിനുശേഷം ബാല്യത്തിൽ കൈവിട്ടുപോയ ഏതോ മയിൽപ്പീലിത്തുണ്ട്  പോലെ ഞാൻ നിന്നെ എൻ്റെ ഹൃദയത്തിൻ്റെ  കോണിലേക്ക് അലസ്സമായിട്ടിട്ട് ഒരു ചിരിയിലെൻ്റെ നോവൊളിപ്പിച്ച് നിൻ്റെ മുൻപിലൂടെ നടന്നു പോകും. . . .



ഹൃദയപൂർവ്വം ,
വിജിത 

Saturday, March 21, 2020

ഇന്ത്യയുടെ പുത്രി

ഉയരുന്നു വീണ്ടുമൊരു ഗദ്ഗദമിന്ത്യ-
തൻ മാറിൽ നിന്നും.... 
ഭാരതത്തിൻ്റെ പുത്രി കരയുന്നു വീണ്ടും,
മാനത്തിനായി കേഴുന്നവൾ ഒരിക്കൽക്കൂടി...

പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു,
ഇന്ത്യതൻ തെരുവിൽ
വീണ്ടുമൊരു പാവം പെണ്ണ്,
ഭാരതത്തിൻ യുവത്വം. . .

പേരറിയില്ലെനിക്കവളുടെ
മുഖമറിയില്ല....
അറിയുന്നതിത്ര മാത്രം ,
എന്നെപ്പോലൊരു പെണ്ണവൾ. . .

കേൾക്കുന്നു ഞാനെൻ ശബ്ദം ,
അവളുടെ നിലവിളിയിൽ,
അറിയുന്നു ഞാനെൻ
ഉയിർപ്പിടയുന്നതവളുടെ തേങ്ങലിൽ. . .

ജീവിക്കാൻ കൊതിച്ചു
നീ ഏറെ, ഈ നരകത്തിലും.
ധീരതയോടെ പറഞ്ഞു
ജീവിക്കണമെന്നു നീ. . .

ഒടുവിലാ പെട്ടിയിൽ
നിശ്ശബ്ദയായ്‌ മടങ്ങുമ്പോഴും
നിൻ ഉള്ളിലഗ്നി
കത്തുകയായിരുന്നിരിക്കാം. . .


നടുങ്ങുക ഭാരതമേ,
കത്തിയമരും നീയാഗ്നിയിൽ,
പെണ്ണിൻ്റെ മാനം തട്ടിപ്പറിക്കും
കഴുകരേ, നിങ്ങളെ ദഹിപ്പിക്കുമതൊരിക്കൽ
കാത്തിരിക്കുക. . . .
ഇന്ത്യതൻ വീരപുത്രി,
പുനർജനിക്കും വരെ. . .




ഹൃദയപൂർവം,
വിജിത 






(25 -1 -2013 ൽ  എഴുതിയതാണെങ്കിലും എന്തുകൊണ്ടോ ഇതുവരെ ഇത് മറ്റാരെയും കാണിക്കാൻ  തോന്നിയില്ല.. അന്നുണ്ടായ അനേകം നിലവിളികൾക്കിടയിൽ ഒന്നായി കയ്യടി നേടേണ്ട എന്ന തോന്നലാകാം അല്ലെങ്കിൽ ഇത് കാണുമ്പോൾ ഓർമവരുന്ന ആ സംഭവത്തിൻ്റെ  നീറ്റലാകാം, എന്തുകൊണ്ടോ ഇന്നുവരെ ഞാൻ ഇത് മനഃപൂർവം മറന്നുവെച്ചു. ഇന്നിതിവിടെ എഴുതുമ്പോൾ  ആ നീറ്റൽ  തെല്ലൊന്നു അടങ്ങിയിട്ടുണ്ട്...വൈകിയെങ്കിലും അവൾക്കു നീതി ലഭിച്ചിരിക്കുന്നു... ഒരാൾ ഒഴിച്ചു എല്ലാവരും ഈ ഭൂമിയിലിനിയില്ലാതെ ആയിരിക്കുന്നു. )

Saturday, February 1, 2020

                             സ്വപ്നങ്ങളുടെ മഷി നിറച്ചെഴുതിയിരുന്നൊരു തൂലികയുണ്ടായിരുന്നു എനിക്ക്... ഇന്നലെകളിൽ മറന്നുവെച്ച   ആ സ്ഫടികതൂലികയെ  ഇന്നു ഞാൻ  വീണ്ടും കണ്ടെത്തി. 
                            അതേ,വീണ്ടും എഴുതുകയാണ് ഞാൻ, എന്നെക്കുറിച്ചും എന്നെക്കുറിച്ചല്ലാത്തവയെക്കുറിച്ചും........

ഹൃദയപൂർവ്വം , 
വിജിത