Monday, August 14, 2023

 


വിരഹവാകകൾ പൂ പൊഴിച്ച വഴിയിലൂടെ മഴയുടെ കൈ പിടിച്ച് അവൾ നടന്നു . . . താഴെ ചുവന്ന പരവതാനി വിരിച്ച പൂക്കൾ അപ്പോഴും പറഞ്ഞത് മഴയോടുള്ള അവരുടെ പ്രണയത്തെ കുറിച്ചാണ് . . . കൊമ്പുകളിൽ ചേർന്ന് നിന്നപ്പോൾ അവരെ മോഹിപ്പിച്ച അവൻ്റെ മണം ഇന്നവർ നെഞ്ചോട് ചേർത്തിരിക്കുന്നു ; അവരുടെ ആത്മാവിൽ അത് അലിഞ്ഞു ചേർന്നിരിക്കുന്നു. 

ഒടുവിൽ, നാളെ മണ്ണിൽ അലിഞ്ഞു ചേരുമ്പോഴും അവർ കൃതാർത്ഥർ ആയിരിക്കും.. ഒരു മാത്രയെങ്കിലും അവർ ഒന്നായിരുന്നു എന്നോർത്ത് !


എന്ന് ഹൃദയപൂർവ്വം, 

വിജിത   

 



വിരഹചുവപ്പുള്ള വാകകളോട് എന്താണ് എനിക്കിത്ര പ്രണയം?

 പ്രണയം പെയ്തൊഴിഞ്ഞ കാലത്തിൻ്റെ നീക്കിയിരിപ്പാമോ ഈ ഇഷ്ടം? അതിന് ഞാൻ ആരെയാണ് പ്രണയിച്ചത്?? 

ആരാണ് എനിക്ക് നഷ്ടമായത്??? നീയോ? 

അതിന് നിന്നെ എപ്പോഴാണ് ഞാൻ പ്രണയിച്ചത്? 

ഇതിനിടയിൽ നിന്നെ എനിക്ക് നഷ്ടമായോ??

എന്ന് ഹൃദയപൂർവ്വം, 

വിജിത 

Sunday, August 13, 2023

 നീ തന്ന നോവിന്റെ  മുറിപ്പാടില്‍ ചോര കിനിയുന്നുണ്ട്, 

എങ്കിലുമെന്റെ സിരകളില്‍ നിന്നോടുള്ള പ്രണയം നുരഞ്ഞുപൊന്തുന്നു. 


ഭ്രാന്തമാണെന്റെ പ്രണയം,

നീ നല്‍കുമാ പ്രണയചഷകത്താല്‍

ഉന്മാദിനിയായതോ ഞാന്‍? 


അറിയാമെനിക്ക് - നിന്നിലെ നിന്നെ, 

നീ കാത്തുവെയ്ക്കുന്നൊരാ പ്രണയത്തിനുറവയും. 

വിട്ടു പോകുവാനാമോ എനിക്കിനി? 

എന്റെ പ്രാണന്‍ നിന്നിലലിഞ്ഞു പോയിരിക്കുന്നുവല്ലോ!


എന്ന് ഹൃദയപൂര്‍വ്വം,

വിജിത 

Friday, August 11, 2023

വഴിവെളിച്ചങ്ങള്‍





ആരും ആര്‍ക്കുവേണ്ടിയും കാത്തുനിൽക്കാത്ത ഈ ലോകത്തിൽ ചിലര്‍ വിളക്കുകാലുകൾ പോലെ വഴിയരികില്‍ നില്‍ക്കുന്നു, ആരെന്നോ എന്തെന്നോ അറിയാത്ത അനേകര്‍ക്ക് വഴികാട്ടികളായ്. . . . ആരാലും ഓര്‍മിപ്പിക്കപ്പെടണമെന്ന് ലവലേശവും ആഗ്രഹിക്കാതെ, മറവികളില്‍ യാതൊരു പരിഭവങ്ങളുമില്ലാതെ, അന്യന് വെളിച്ചമായ് അവരങ്ങനെ ജീവിച്ചു  മരിക്കുന്നു. ഇടയ്ക്കവരൊന്ന് മങ്ങി കത്തുമ്പോള്‍ നാം എത്ര പരാതികളാണ് പറയുന്നത്? അത്തരം എത്ര മനുഷ്യരെയാണ് നാം taken for granted ആയി എടുത്തിട്ടുള്ളത്? 


നാം മറന്നു കളഞ്ഞ ആ വഴിവിളക്കുകളെ തിരിഞ്ഞൊന്നു ഇറങ്ങാമോ നമുക്ക്? അവര്‍ മുഴുവനായി എരിഞ്ഞു തീരും മുമ്പൊരു പുഞ്ചിരിയെങ്കിലും തിരികെ നല്‍കേണ്ടവരല്ലേ നാം? ഒടുവിലെ ഇത്തിരി വെളിച്ചത്തിൽ നിന്ന് എന്റെ കൈവിളക്കിലേക്കും ഒരു തിരി കത്തിച്ചെടുക്കാന്‍ അവരിലൊരാള്‍ക്കെങ്കിലും പകരമാകാന്‍ അതിമോഹമുള്ളവളുടെ ജല്പനങ്ങള്‍ മാത്രമായി കണ്ടു മറക്കയുമാവാം നിങ്ങള്‍ക്ക് . . . .



നന്ദി, എന്റെ ജീവിതത്തിലെ ഒത്തിരിയൊത്തിരി വഴിവെളിച്ചങ്ങള്‍ക്ക് .....


എന്ന് ഹൃദയപൂര്‍വ്വം, 

വിജിത