ആ കണ്ണുകളിലെ കുസൃതി, എനിക്കെന്നോ നഷ്ടമായ ആ കുസൃതി, അതാണെന്നെ നിന്നിലേക്കടുപ്പിച്ചത് ; എന്നെ നിന്റെ സുഹൃത്താക്കിയത്. പക്ഷെ, അധികം വൈകാതെ ഞാനറിഞ്ഞു അത് നിന്റെ പൊയ്മുഖമായിരുന്നെന്ന്. അതിനു പിന്നിൽ ശവദാഹികളായ അനേകം കഴുകന്മാരെ നീ അടച്ചിട്ടിരുന്നെന്ന്. വീണു പോയവരെ കൊത്തികീറിയും വീഴാത്തവരെ തള്ളിയിട്ടും നീ ആർത്തട്ടഹസിച്ചു ആഘോഷിച്ചപ്പോഴെല്ലാം ഞാൻ ഒരു കാഴ്ച്ചകാരിയായി നിന്റെയരികിലുണ്ടായിരുന്നു. എനിക്ക് മുന്നറിയിപ്പ് തന്നവരെ ഞാൻ അവഗണിച്ചു. ഒരിക്കലും എന്റെ മീതെ നിന്റെ കഴുകന്മാർ പറന്നിറങ്ങില്ലെന്ന് വിശ്വസിച്ചു; വെറുതേ ആശിച്ചു...
നിന്റെ യുദ്ധങ്ങളെല്ലാം ഒളിപോരുകളായിരുന്നു. അനേകം ശിഖണ് ണ്ടികളെ മുൻനിർത്തി നീ കളിച്ചു. ചിലപ്പോഴൊക്കെ നീയെന്നെയും ആയുധമാക്കി. വൃത്തികെട്ട ആ കളിക്ക് ഞാൻ നിന്നുതരികയായിരുന്നു മന:പൂർവ്വം; കാരണം, ആ സൗഹൃദത്തെ ഞാൻ അത്രയധികം വിലമതിച്ചിരുന്നു. പക്ഷെ ഒടുവിൽ.......... നിന്റെ ഒളിയമ്പുകൾ എന്റെ നേരെ പാഞ്ഞുവരുന്നത് ഞാൻ കണ്ടു. ആ കഴുകൻ നഖങ്ങൾ എന്റെ ഹൃദയത്തിൽ മുറിവേല്പ്പിച്ചു. . . .
എത്രയധികം ഞാൻ നിന്നെ സ്നേഹിച്ചുവോ അതിലുമേറെ വെറുപ്പോടെ ഞാൻ പറയട്ടെ, ഇനിയൊരവസരം ലഭിച്ചാൽ നിന്റെ പൊയ്മുഖം ഞാൻ വലിച്ചുകീറും; നീ കരയിച്ചവരുടെ മുൻപിലേക്ക് നീ എറിയപെടുന്ന കാലം വരും... അന്ന് നിന്റെ കണ്ണുനീരെന്നെ വേദനിപ്പിക്കില്ല. കാരണം നീ തകർത്തുകളഞ്ഞത് സൗഹൃദത്തിലുള്ള എന്റെ വിശ്വാസത്തെയാണ്. . . . . .
ഹൃദയപൂർവ്വം,
വിജിത
വിജിത
പിൻകുറിപ്പ്: ഒരു സുഹൃത്ത് എന്താകരുതെന്ന്, ഒരു പെണ്‍കുട്ടി ഒരിക്കലും ചെയ്യരുതാത്തതെന്തെന്ന്, ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കരുതെന്ന് ഒക്കെ കാണിച്ചു തന്നതിന് നന്ദി....

