Saturday, March 21, 2020

ഇന്ത്യയുടെ പുത്രി

ഉയരുന്നു വീണ്ടുമൊരു ഗദ്ഗദമിന്ത്യ-
തൻ മാറിൽ നിന്നും.... 
ഭാരതത്തിൻ്റെ പുത്രി കരയുന്നു വീണ്ടും,
മാനത്തിനായി കേഴുന്നവൾ ഒരിക്കൽക്കൂടി...

പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു,
ഇന്ത്യതൻ തെരുവിൽ
വീണ്ടുമൊരു പാവം പെണ്ണ്,
ഭാരതത്തിൻ യുവത്വം. . .

പേരറിയില്ലെനിക്കവളുടെ
മുഖമറിയില്ല....
അറിയുന്നതിത്ര മാത്രം ,
എന്നെപ്പോലൊരു പെണ്ണവൾ. . .

കേൾക്കുന്നു ഞാനെൻ ശബ്ദം ,
അവളുടെ നിലവിളിയിൽ,
അറിയുന്നു ഞാനെൻ
ഉയിർപ്പിടയുന്നതവളുടെ തേങ്ങലിൽ. . .

ജീവിക്കാൻ കൊതിച്ചു
നീ ഏറെ, ഈ നരകത്തിലും.
ധീരതയോടെ പറഞ്ഞു
ജീവിക്കണമെന്നു നീ. . .

ഒടുവിലാ പെട്ടിയിൽ
നിശ്ശബ്ദയായ്‌ മടങ്ങുമ്പോഴും
നിൻ ഉള്ളിലഗ്നി
കത്തുകയായിരുന്നിരിക്കാം. . .


നടുങ്ങുക ഭാരതമേ,
കത്തിയമരും നീയാഗ്നിയിൽ,
പെണ്ണിൻ്റെ മാനം തട്ടിപ്പറിക്കും
കഴുകരേ, നിങ്ങളെ ദഹിപ്പിക്കുമതൊരിക്കൽ
കാത്തിരിക്കുക. . . .
ഇന്ത്യതൻ വീരപുത്രി,
പുനർജനിക്കും വരെ. . .




ഹൃദയപൂർവം,
വിജിത 






(25 -1 -2013 ൽ  എഴുതിയതാണെങ്കിലും എന്തുകൊണ്ടോ ഇതുവരെ ഇത് മറ്റാരെയും കാണിക്കാൻ  തോന്നിയില്ല.. അന്നുണ്ടായ അനേകം നിലവിളികൾക്കിടയിൽ ഒന്നായി കയ്യടി നേടേണ്ട എന്ന തോന്നലാകാം അല്ലെങ്കിൽ ഇത് കാണുമ്പോൾ ഓർമവരുന്ന ആ സംഭവത്തിൻ്റെ  നീറ്റലാകാം, എന്തുകൊണ്ടോ ഇന്നുവരെ ഞാൻ ഇത് മനഃപൂർവം മറന്നുവെച്ചു. ഇന്നിതിവിടെ എഴുതുമ്പോൾ  ആ നീറ്റൽ  തെല്ലൊന്നു അടങ്ങിയിട്ടുണ്ട്...വൈകിയെങ്കിലും അവൾക്കു നീതി ലഭിച്ചിരിക്കുന്നു... ഒരാൾ ഒഴിച്ചു എല്ലാവരും ഈ ഭൂമിയിലിനിയില്ലാതെ ആയിരിക്കുന്നു. )

No comments:

Post a Comment