Wednesday, July 1, 2015

വൾഗാരിറ്റി




മറയ്ക്കേണ്ടതെല്ലാം മറയ്ക്കേണമെന്നും

മറയ്ക്കുവാൻ പർദ്ദ വേണ്ടെന്നും
പറഞ്ഞൊരമ്മയെ ഓർത്തു ഞാൻ-
ബാലിശമാമീ അലിഖിത നിയമം കേൾക്കയിൽ.
പറയുന്നു നിരൂപകവൃന്ദം ഉറപ്പോടെ,
പെണ്ണിൻ മാനം തൂങ്ങുന്നതേതോ-
ദൂപ്പട്ടതൻ തൊങ്ങലിലെന്നു!
ഷോളായും സ്റ്റൊളായും ദൂപ്പട്ടയായും
കഴുത്തിൽ തൂങ്ങുമീ ചെറു-
തുണികഷണത്തിന് മാനമെന്നും പര്യായമോ?

'വൾഗാരിറ്റി'-യെ ഭയന്നു ഞാൻ,
പൊതിയുന്നെന്നെത്തന്നെയൊരു ഷോളിൽ,
മറയ്ക്കേണ്ടതെന്തെന്നു വ്യക്തമായറിയാതെ...
വലിച്ചിടുന്നൊരു  തിരശ്ശീലയെൻ-
പെണ്ണായി പിറന്ന പാപത്തിന്മേൽ !


പിൻകുറിപ്പ്‌:

മറയ്ക്കേണ്ടതുപോലും മറയ്ക്കാതെ
എനിക്കെതിരേ വരുമാ-
പെണ്‍കൊടിയെ കാണുമ്പോൾ
വൾഗാരിറ്റിതൻ അർത്ഥമറിയാതെ
കുഴങ്ങുന്നു വിഢിയാം ഞാൻ.

നോക്കരുതാത്തതെവിടെയെന്ന്
പഠിക്കേണ്ടതുണ്ട് ചിലരെങ്കിലും!



ഹൃദയപൂർവ്വം,
വിജിത





(സ്ത്രീ-പുരുഷ ഭേദമെന്യേ മാന്യമായി വസ്ത്രം ധരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനെതിരെയുള്ളതല്ല  ഈ  വരികൾ. പക്ഷെ മാന്യതയുടെ അതിർവരമ്പുകൾ  നിശ്ചയിക്കുമ്പോൾ ഒരൽപം വിചിന്തനം നല്ലതാണ്......അടിച്ചേൽപ്പിക്കലല്ല അവബോധം സൃഷ്ടിക്കലാണ് അഭികാമ്യം. )

No comments:

Post a Comment