Friday, August 29, 2014


       എവിടെനിന്ന് ഓടി രക്ഷപെടണം എന്ന് ആഗ്രഹിച്ചോ അവിടെയ്ക്ക് തന്നെ തിരിച്ചെത്തുക, ഒരു ബുമറാങ് പോലെ. അതൊരു വല്ലാത്ത അവസ്ഥയാണ്. അത്തരം ഒന്നാണ് എനിക്ക് സംഭവിച്ചിരിക്കുന്നതും.... ഇത്തവണ എനിക്കും ഇതിൽ പങ്കുണ്ട്, അതുകൊണ്ട് തന്നെ ആരേയും പഴിക്കുന്നില്ല ഞാൻ. എങ്കിലും..............................................

ഹൃദയപൂർവ്വം,
വിജിത




Tuesday, July 29, 2014


ആ കണ്ണുകളിലെ കുസൃതി, എനിക്കെന്നോ നഷ്ടമായ ആ കുസൃതി,  അതാണെന്നെ നിന്നിലേക്കടുപ്പിച്ചത് ; എന്നെ നിന്റെ സുഹൃത്താക്കിയത്. പക്ഷെ, അധികം വൈകാതെ ഞാനറിഞ്ഞു അത് നിന്റെ പൊയ്മുഖമായിരുന്നെന്ന്. അതിനു പിന്നിൽ ശവദാഹികളായ
അനേകം കഴുകന്മാരെ നീ അടച്ചിട്ടിരുന്നെന്ന്. വീണു പോയവരെ കൊത്തികീറിയും  വീഴാത്തവരെ തള്ളിയിട്ടും നീ ആർത്തട്ടഹസിച്ചു ആഘോഷിച്ചപ്പോഴെല്ലാം ഞാൻ ഒരു കാഴ്ച്ചകാരിയായി നിന്റെയരികിലുണ്ടായിരുന്നു. എനിക്ക് മുന്നറിയിപ്പ് തന്നവരെ ഞാൻ അവഗണിച്ചു. ഒരിക്കലും എന്റെ മീതെ നിന്റെ കഴുകന്മാർ പറന്നിറങ്ങില്ലെന്ന് വിശ്വസിച്ചു; വെറുതേ ആശിച്ചു...


നിന്റെ യുദ്ധങ്ങളെല്ലാം ഒളിപോരുകളായിരുന്നു. അനേകം ശിഖണ് ണ്ടികളെ
മുൻനിർത്തി നീ  കളിച്ചു. ചിലപ്പോഴൊക്കെ നീയെന്നെയും ആയുധമാക്കി. വൃത്തികെട്ട ആ കളിക്ക് ഞാൻ നിന്നുതരികയായിരുന്നു മന:പൂർവ്വം; കാരണം, ആ സൗഹൃദത്തെ  ഞാൻ അത്രയധികം വിലമതിച്ചിരുന്നു. പക്ഷെ ഒടുവിൽ.......... നിന്റെ ഒളിയമ്പുകൾ എന്റെ നേരെ പാഞ്ഞുവരുന്നത് ഞാൻ കണ്ടു. ആ കഴുകൻ നഖങ്ങൾ എന്റെ ഹൃദയത്തിൽ മുറിവേല്പ്പിച്ചു. . . .

എത്രയധികം ഞാൻ നിന്നെ സ്നേഹിച്ചുവോ അതിലുമേറെ വെറുപ്പോടെ ഞാൻ പറയട്ടെ, ഇനിയൊരവസരം ലഭിച്ചാൽ നിന്റെ പൊയ്മുഖം ഞാൻ വലിച്ചുകീറും; നീ കരയിച്ചവരുടെ മുൻപിലേക്ക് നീ എറിയപെടുന്ന കാലം വരും... അന്ന് നിന്റെ കണ്ണുനീരെന്നെ വേദനിപ്പിക്കില്ല. കാരണം നീ തകർത്തുകളഞ്ഞത് സൗഹൃദത്തിലുള്ള എന്റെ വിശ്വാസത്തെയാണ്. . . . .  .
ഹൃദയപൂർവ്വം,
വിജിത




പിൻകുറിപ്പ്‌: ഒരു സുഹൃത്ത് എന്താകരുതെന്ന്, ഒരു പെണ്‍കുട്ടി ഒരിക്കലും ചെയ്യരുതാത്തതെന്തെന്ന്, ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കരുതെന്ന് ഒക്കെ കാണിച്ചു തന്നതിന്  നന്ദി....

Monday, July 21, 2014

തെറ്റിദ്ധാരണ




'ലോകം എന്നെ തെറ്റിദ്ധരിക്കുന്നു' എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ വിശ്വസിച്ചു... അവളെ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിച്ചു...



ഇന്ന് ഞാൻ തിരിച്ചറിയുന്നു,  ഞാനും അവളെ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് !!




 ഹൃദയപൂർവ്വം,
വിജിത

Sunday, June 8, 2014

ഞാൻ കണ്ട ഏറ്റവും മാധുര്യമാർന്ന പെണ്‍കുട്ടിക്ക് സമർപ്പണം




തിരയുന്നു ഞാൻ മാധുര്യമേറും വാക്കുകൾ,
കാരണമെഴുതേണ്ടതുണ്ടെനിക്കു രേഖയെ കുറിച്ച്....
സുന്ദരി  സുശീല എന്നൊക്കെയുള്ളേതോ
വിവാഹപരസ്യം പോൽ നിൽക്കുന്നിവൾ,

എല്ലാം തികഞ്ഞവളായെൻ മുന്നിൽ....
ഹൃദയംഗമായി ചിരിക്കുന്നു,ഇടയ്ക്കെപ്പൊഴോ,
കുസൃതി  പറയുന്നു നിഷ്കളങ്കമായ്....
ദേഷ്യത്തിലും കാക്കുന്നിവൾ മാധുര്യമൊരൽപ്പം.

എന്നിൽ കാണാത്ത നന്മകൾ കാണാം ഇവളിൽ...
അച്ഛനുമമ്മയ്ക്കുമോമന പുത്രിയായ്,
ചേച്ചിക്കു പ്രീയ അനുജത്തിയായ്,
വളർത്തുതത്തയ്ക്ക് വാത്സല്യമായ്,
നാൻസിക്കു ഉറ്റസുഹൃത്തായ്,
സുന്ദരമാക്കുന്നിവളീ ജീവിതം...
കാണാം ഇവളിൽ സ്ത്രീതൻ ആയിരം ഭാവങ്ങൾ,
പെണ്ണായ്  പിറക്കുവാൻ  കൊതിപ്പിക്കും ഇവൾ നിങ്ങളെ !


എന്നോ എങ്ങു നിന്നോ വരേണ്ടൊരു വരനായി,
തന്നെ ഒരുക്കുന്നിവൾ സ്വയം;
ഭക്ഷണം കുറച്ചും, സൗന്ദര്യം കാത്തും...
ചുവരിൽ
ചാരി  നിൽക്കുമെന്നോടും
ചോദിച്ചു,
മെലിയേണ്ടതെങ്ങനെയെന്നൊരിക്കൽ
നീ....
മെലിഞ്ഞുപോയതിൽ എന്നോടു കലഹിക്കു-
മെൻ അമ്മയെയോർത്തു ചിരിച്ചു ഞാൻ,
'മെലിയുന്നതെന്തിനു, നീ സുന്ദരിയല്ലേയെന്നു'

മറുചോദ്യം ചോദിച്ചതോർക്കുന്നുവോ നീ?

അറിയുക തോഴീ നീയതു കളിവാക്കല്ലെന്നു,
സുന്ദരിയാണു നീ ,
ഹൃദയം നിമിത്തവും, രൂപത്തിനാലും
...

മാറേണ്ടതില്ല നീ ആർക്കായും.

നിനക്കായ് വരുമാ വരന്റെ
കൈപിടിക്കും
നേരത്ത്,
ഞാനുണ്ടാം നിൻ ചാരത്ത് പുഞ്ചിരിയോടെ,
അന്ന് വരെ ഓർക്കുക,
സുന്ദരിയാണു നീ ഹൃദയം നിമിത്തവും,
                                             രൂപത്തിനാലും............


[അതിനുശേഷം ഓർമിപ്പിക്കുവാൻ അദ്ദേഹമുണ്ടാകും! :P ]



ഹൃദയപൂർവ്വം,
വിജിത






 
NB: ഇതൊരു സാധാരണ പെണ്‍കുട്ടിയെ കുറിച്ചാണ്. എന്റെ കൂടെ പഠിച്ച വലിയ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു പെണ്‍കുട്ടി.. എന്നാൽ അവൾ പ്രസക്തയാവുന്നത് അസാധാരണമായ അവളുടെ മാധുര്യമേറുന്ന ജീവിതം കൊണ്ടാണ്.ഇവളെ കാണാതെ പോയവർ ഉണ്ടാകാൻ ഇടയില്ല.. കാരണം അവൾ എല്ലാവർക്കും ആ മാധുര്യം പകർന്നു  നൽകിയിരുന്നു.. എനിക്കും തന്നു അവൾ ഒരൽപം മാധുര്യം; അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ ആവില്ല എനിക്ക്.....
രേഖ, മറക്കുവാൻ ആകാത്ത ഓർമയായി  ഉണ്ടാകും നീയെന്നും എന്നുള്ളിൽ. നന്ദി, നീ പകർന്നു  തന്ന നന്മയുടെ മധുരത്തിന്....:)

Friday, May 23, 2014

എന്റെ ഗുൽമോഹർ


     


        എനിക്ക്  വാകമരങ്ങളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്. ഗുൽമോഹർ എന്ന അതിന്റെ  മറുപേരും എന്നെ മോഹിപ്പിക്കുന്നു... ഓർമയുള്ള കാലം മുതൽ ഞാൻ  വിരഹച്ചുവപ്പുള്ള വാകമരങ്ങളെ പ്രണയിച്ചിരുന്നു... ഗുൽമോഹർ  മരങ്ങൾ  എവിടെ കണ്ടാലും ഞാൻ നോക്കി നിന്ന് പോകാറുണ്ട്.. അവ എന്നെ സന്തോഷിപ്പിക്കുന്നു.
           എന്ത് കൊണ്ടെന്നോ എങ്ങനെയെന്നോ അറിയാതെ നാം ചിലരെ സ്നേഹിക്കാറില്ലെ, അതുപോലെയാണ് എന്റെ ഈ ഇഷ്ടവും. എന്നെങ്കിലും ഒരിക്കൽ എന്റെ വീട്ടുമുറ്റത്തും ഒരു ഗുൽമോഹർ വച്ച് പിടിപ്പിക്കണം എന്നും എന്നിട്ടതിന്റെ ചുവട്ടിൽ  എനിക്കെന്റെതായൊരു ലോകം ഉണ്ടാക്കണം എന്നും ഞാൻ ആഗ്രഹിക്കുന്നു; പ്രണയവും സ്വപ്നങ്ങളും ഒക്കെയുള്ള ഒരു ലോകം....
                        മനസ്സിൽ  നട്ട ആയിരം വാകമരങ്ങളുടെ ഇടയിൽ  സ്വപ്നങ്ങളിലെ  പ്രണയത്തിനായ്‌  കാത്തുനില്ക്കുകയാണിന്ന് ഞാൻ. നാളെയുടെ ഏതെങ്കിലും ഒരു പുലരിയിൽ ആ പ്രണയവും ഗുൽമോഹറുകളും യഥാർത്ഥ്യമാകും എന്ന പ്രതീക്ഷയോടെ....... 
ഹൃദയപൂർവ്വം,
വിജിത