Saturday, November 15, 2014

                  


                                   അർത്ഥമറിയാത്ത നൂറു നൂറു വാചകങ്ങൾക്കിടയിൽ ഞാനും എന്റെ ചിന്തകളും കുരുങ്ങി കിടക്കുന്നു. ഇടയ്ക്ക് പരിചിതമായ ചില വാക്കുകൾ തലച്ചോറിനെ തട്ടിയുണർത്തുന്നു എന്നതൊഴിച്ചാൽ പൂർണ്ണമായൊരു നിദ്രയിലാണ് ഞാൻ; കണ്ണു തുറന്നു വെച്ചുള്ള ഉറക്കം....

                                എന്റെ മുൻപിലെ ബോർഡിൽ കാണുന്ന നെടുകയും കുറുകയുമുള്ള വരകൾ എന്താണ് എന്നെനിക്ക് യാതൊരു സൂചനയുമില്ല. പണ്ടാരുടെയോ കോപ്പി ബുക്കിൽ ഏതോ അദ്ധ്യാപിക വെട്ടികളഞ്ഞ പേജിൽ കണ്ടവയെ ഓർമിപ്പിക്കുന്ന ചില അവ്യക്തമായ വാക്കുകളും അവയ്ക്കിടയിൽ കാണാം. ഇവയൊക്കെ ജീവിതത്തിലൊരിലെങ്കിലും ഉപയോഗം വരുമോ? വെറുതെ പരീക്ഷ പേപ്പറുകൾ നിറയ്ക്കാൻ മാത്രമായെന്തിനാണ് ജീവിതത്തിന്റെ ഇത്രയധികം നിമിഷങ്ങൾ നഷ്ടമാക്കി കളയുന്നത്??
 
ഹൃദയപൂർവ്വം,
വിജിത  
 

Saturday, November 1, 2014

ശ്രീയുള്ള ഭാഷ

                       





                                 മലയാളത്തിന്റെ ഭാഷാന്തരങ്ങളിൽ ഒന്നും മറ്റൊന്നിനെക്കാളും താഴ്ന്നതോ ഉയർന്നതോ അല്ലെന്ന് പലപ്പോഴും വായിച്ചിട്ടും കേട്ടിട്ടു അംഗീകരിക്കാതിരുന്ന എന്റെ മുൻപിലേക്കാണ് 'ക്വോശി' വിളികളും 'പിരാന്ത്' പറച്ചിലുകളുമായി 'ച്വോറ്‌' കഴിക്കുന്ന അവൾ ചിരിച്ചു കൊണ്ട് കടന്നു വന്നത്.
                          ഔപചാരികതയുടെ ഇസ്തിരിയിട്ട മലയാളം പറഞ്ഞും എഴുതിയും ശീലിച്ച എനിക്ക് ഇടയ്ക്കു വരുന്ന നാവു പിഴകൾ പോലും എന്നെ ലജ്ജിപ്പിക്കുമ്പോഴാണ് പ്രാദേശിക ഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് ഇവൾ തലയുയർത്തി നിൽക്കുന്നത്. ഞാനടങ്ങുന്ന 'പരിഷ്കൃത' ഭാഷാസ്നേഹികൾ ഇവളെ കല്ലെറിയുമ്പോൾ ഇടയ്ക്കെങ്കിലും ആ മനസ്സിൽ മുറിവേൽക്കുന്നുണ്ടാകാം.... എങ്കിലും, ആ മുറിവുകൾ അവളെ പശ മുക്കി ഇസ്തിരിയിട്ട ഭാഷ പഠിപ്പിക്കാതിരിക്കട്ടെ എന്ന് ഹൃദയംഗമായി ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഈ ഭാഷാശൈലിയാണ് അവളെ വ്യത്യസ്തയാക്കുന്നത്; അതിന്റെ സൌന്ദര്യമോ പരിശുദ്ധിയോ അവകാശപെടാൻ കഴിയുന്ന മറ്റൊരു ഭാഷയും ഈ ഭൂമുഖത്തിൽ ഇല്ല...
                            അതുകൊണ്ട്, അവൾ അവളായി തന്നെ തുടരട്ടെ.........................
ഹൃദയപൂർവ്വം,
വിജിത

Friday, August 29, 2014


       എവിടെനിന്ന് ഓടി രക്ഷപെടണം എന്ന് ആഗ്രഹിച്ചോ അവിടെയ്ക്ക് തന്നെ തിരിച്ചെത്തുക, ഒരു ബുമറാങ് പോലെ. അതൊരു വല്ലാത്ത അവസ്ഥയാണ്. അത്തരം ഒന്നാണ് എനിക്ക് സംഭവിച്ചിരിക്കുന്നതും.... ഇത്തവണ എനിക്കും ഇതിൽ പങ്കുണ്ട്, അതുകൊണ്ട് തന്നെ ആരേയും പഴിക്കുന്നില്ല ഞാൻ. എങ്കിലും..............................................

ഹൃദയപൂർവ്വം,
വിജിത




Tuesday, July 29, 2014


ആ കണ്ണുകളിലെ കുസൃതി, എനിക്കെന്നോ നഷ്ടമായ ആ കുസൃതി,  അതാണെന്നെ നിന്നിലേക്കടുപ്പിച്ചത് ; എന്നെ നിന്റെ സുഹൃത്താക്കിയത്. പക്ഷെ, അധികം വൈകാതെ ഞാനറിഞ്ഞു അത് നിന്റെ പൊയ്മുഖമായിരുന്നെന്ന്. അതിനു പിന്നിൽ ശവദാഹികളായ
അനേകം കഴുകന്മാരെ നീ അടച്ചിട്ടിരുന്നെന്ന്. വീണു പോയവരെ കൊത്തികീറിയും  വീഴാത്തവരെ തള്ളിയിട്ടും നീ ആർത്തട്ടഹസിച്ചു ആഘോഷിച്ചപ്പോഴെല്ലാം ഞാൻ ഒരു കാഴ്ച്ചകാരിയായി നിന്റെയരികിലുണ്ടായിരുന്നു. എനിക്ക് മുന്നറിയിപ്പ് തന്നവരെ ഞാൻ അവഗണിച്ചു. ഒരിക്കലും എന്റെ മീതെ നിന്റെ കഴുകന്മാർ പറന്നിറങ്ങില്ലെന്ന് വിശ്വസിച്ചു; വെറുതേ ആശിച്ചു...


നിന്റെ യുദ്ധങ്ങളെല്ലാം ഒളിപോരുകളായിരുന്നു. അനേകം ശിഖണ് ണ്ടികളെ
മുൻനിർത്തി നീ  കളിച്ചു. ചിലപ്പോഴൊക്കെ നീയെന്നെയും ആയുധമാക്കി. വൃത്തികെട്ട ആ കളിക്ക് ഞാൻ നിന്നുതരികയായിരുന്നു മന:പൂർവ്വം; കാരണം, ആ സൗഹൃദത്തെ  ഞാൻ അത്രയധികം വിലമതിച്ചിരുന്നു. പക്ഷെ ഒടുവിൽ.......... നിന്റെ ഒളിയമ്പുകൾ എന്റെ നേരെ പാഞ്ഞുവരുന്നത് ഞാൻ കണ്ടു. ആ കഴുകൻ നഖങ്ങൾ എന്റെ ഹൃദയത്തിൽ മുറിവേല്പ്പിച്ചു. . . .

എത്രയധികം ഞാൻ നിന്നെ സ്നേഹിച്ചുവോ അതിലുമേറെ വെറുപ്പോടെ ഞാൻ പറയട്ടെ, ഇനിയൊരവസരം ലഭിച്ചാൽ നിന്റെ പൊയ്മുഖം ഞാൻ വലിച്ചുകീറും; നീ കരയിച്ചവരുടെ മുൻപിലേക്ക് നീ എറിയപെടുന്ന കാലം വരും... അന്ന് നിന്റെ കണ്ണുനീരെന്നെ വേദനിപ്പിക്കില്ല. കാരണം നീ തകർത്തുകളഞ്ഞത് സൗഹൃദത്തിലുള്ള എന്റെ വിശ്വാസത്തെയാണ്. . . . .  .
ഹൃദയപൂർവ്വം,
വിജിത




പിൻകുറിപ്പ്‌: ഒരു സുഹൃത്ത് എന്താകരുതെന്ന്, ഒരു പെണ്‍കുട്ടി ഒരിക്കലും ചെയ്യരുതാത്തതെന്തെന്ന്, ഒരു വ്യക്തി സമൂഹത്തിൽ എങ്ങനെ ജീവിക്കരുതെന്ന് ഒക്കെ കാണിച്ചു തന്നതിന്  നന്ദി....

Monday, July 21, 2014

തെറ്റിദ്ധാരണ




'ലോകം എന്നെ തെറ്റിദ്ധരിക്കുന്നു' എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ വിശ്വസിച്ചു... അവളെ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിച്ചു...



ഇന്ന് ഞാൻ തിരിച്ചറിയുന്നു,  ഞാനും അവളെ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് !!




 ഹൃദയപൂർവ്വം,
വിജിത