Tuesday, October 10, 2017

ഒരിക്കലും മറക്കാതെ ,
ഒരു മാത്രപോലും പിരിയാതെ,
സൗഹൃദമേ, നിൻ തണലിൽ-
മയങ്ങട്ടെ ഞാൻ...

ഒടുവിലായ് എത്തുമാ മരണത്തിലും,
ചിരിക്കട്ടെ, ഞാൻ നിൻ ഓർമയിൽ.

ഹൃദയപൂർവ്വം,
വിജിത



എന്തോ എഴുതുവാനാണ് ഞാനീ പുസ്തകത്താൾ തുറന്നത്. പക്ഷെ വാക്കുകൾ എനിക്ക്  തുണ നിൽക്കുന്നില്ല. തൂലികത്തുമ്പിലൂടെ പുറത്തെത്തുവാൻ വെമ്പൽ കൊള്ളുന്ന എന്തോ ഒന്ന് ഹൃദയത്തിനുള്ളിൽ കലാപം സൃഷ്ടിക്കുന്നുണ്ട്; എന്നാൽ തലച്ചോറ് ഹൃദയത്തെ അനുകൂലിക്കുന്നില്ല. ഹൃദയം പറയാൻ ശ്രമിക്കുന്നതെന്തോ അതിനെയീ സമർത്ഥനാം തലച്ചോറ് തടയുന്നു.

ഇനി നിശ്ശബ്ദത....... ശ്മശാനസമാനമായൊരു ശാന്തത, തലച്ചോറ് ഹൃദയത്തിനൊപ്പം നിൽക്കുന്ന കാലത്തോളം.....

ഹൃദയപൂർവം,
വിജിത

Wednesday, March 22, 2017

നല്ല പെണ്ണ്

വസന്തത്തിലുമൊരു പൂ പോലും
വിരിഞ്ഞില്ല നിന്നുള്ളിലെന്നോ  സഖീ ?
ഒരുപാടു മഴ നനഞ്ഞിട്ടുമൊരു
വിത്ത് പോലും മുളച്ചില്ലയെന്നോ ?

പ്രണയത്തിലും നിറഞ്ഞില്ല
നിൻ ഹൃത്തമെന്നോ,
വിരഹത്തിൻ ചൂടിലും
പുഷ്പ്പിച്ചതില്ലായിരം വാകകളെന്നോ?

ശില പോൽ നിൽക്കുന്നു നീ
ഇന്നീ കാഴ്ചയ്ക്കു  മുൻപിലും,
'കണ്ണേ മടങ്ങുക ' എന്നു പാടി
മറയുന്ന ജനസാഗരത്തിനിടയിലായ് ....

കരയുക സഖീ നീയിന്ന്,
കാത്തുവെച്ചൊരാ ഓർമകളെയോർത്ത് ,
പൊട്ടിച്ചിരിക്കാത്ത, ഉറക്കെ കരയാത്ത -
'നല്ല' പെണ്ണായ് പിറന്ന നാളിൻ ചിന്തയിൽ.


ഉറക്കെയാട്ടുക  ഈ മുഖങ്ങളെ
നിർത്താതെ ശപിക്കുക ഈ ലോകത്തെ നീ,
ഇന്നെങ്കിലും പ്രതികരിക്കുക സഖീ ;
മനുഷ്യമുഖമുള്ള കഴുകരിന്ന്
കൊത്തിപ്പറിച്ചത്‌ നിന്‍റെയോമൽ കുഞ്ഞിനെയല്ലോ-
അക്ഷരം കൂട്ടിവായിക്കാനാവാത്ത
അവളെന്തറിഞ്ഞു?
അതിനാൽ പ്രതികരിക്കുക മാതൃഹൃദയമേ,
ഇന്നു  നീ............


ഹൃദയപൂർവ്വം,
വിജിത



Thursday, October 13, 2016

കടം




പ്രണയത്തെയറിയില്ലെന്നും,
പ്രണയിക്കയില്ലെന്നും ചൊന്ന പ്രീയ സഖീ,
കടം നല്‍കാം ഞാന്‍ നിനക്കെന്‍റെ പ്രണയം,
നിന്‍ പടിവാതിലില്‍ മുട്ടിവിളിക്കുന്നോരാ വരനായ് . . . .

കടംകൊണ്ട പ്രണയവുമായ് ചെന്നു നില്‍ക്കൂ,
കടപ്പാടുകളേതുമില്ലാതെ നീ;
ഏറ്റുവാങ്ങൂ, താലിച്ചരടുമാ-
സിന്ദൂരചോപ്പും. . . .

ആരോ തട്ടിത്തെറിപ്പിച്ചയെന്‍ ചെമ്പനീര്‍പ്പൂവും,
ചേര്‍ത്തു വയ്ക്കാം ഞാനാ പ്രണയത്തിനൊപ്പം,
വിവാഹസമ്മാനമായ്. . . .



ഹൃദയപൂര്‍വ്വം,
വിജിത


Monday, January 25, 2016

നിന്‍റെ 'സംസ്കാര'ത്തിന്‍റെ തോളില്‍ തട്ടി നന്നായെന്നു 
പറയാന്‍ തക്ക, സംസ്കാരശൂന്യയല്ല ഞാന്‍ !
എന്ന്,
വിജിത