Friday, August 11, 2023

വഴിവെളിച്ചങ്ങള്‍





ആരും ആര്‍ക്കുവേണ്ടിയും കാത്തുനിൽക്കാത്ത ഈ ലോകത്തിൽ ചിലര്‍ വിളക്കുകാലുകൾ പോലെ വഴിയരികില്‍ നില്‍ക്കുന്നു, ആരെന്നോ എന്തെന്നോ അറിയാത്ത അനേകര്‍ക്ക് വഴികാട്ടികളായ്. . . . ആരാലും ഓര്‍മിപ്പിക്കപ്പെടണമെന്ന് ലവലേശവും ആഗ്രഹിക്കാതെ, മറവികളില്‍ യാതൊരു പരിഭവങ്ങളുമില്ലാതെ, അന്യന് വെളിച്ചമായ് അവരങ്ങനെ ജീവിച്ചു  മരിക്കുന്നു. ഇടയ്ക്കവരൊന്ന് മങ്ങി കത്തുമ്പോള്‍ നാം എത്ര പരാതികളാണ് പറയുന്നത്? അത്തരം എത്ര മനുഷ്യരെയാണ് നാം taken for granted ആയി എടുത്തിട്ടുള്ളത്? 


നാം മറന്നു കളഞ്ഞ ആ വഴിവിളക്കുകളെ തിരിഞ്ഞൊന്നു ഇറങ്ങാമോ നമുക്ക്? അവര്‍ മുഴുവനായി എരിഞ്ഞു തീരും മുമ്പൊരു പുഞ്ചിരിയെങ്കിലും തിരികെ നല്‍കേണ്ടവരല്ലേ നാം? ഒടുവിലെ ഇത്തിരി വെളിച്ചത്തിൽ നിന്ന് എന്റെ കൈവിളക്കിലേക്കും ഒരു തിരി കത്തിച്ചെടുക്കാന്‍ അവരിലൊരാള്‍ക്കെങ്കിലും പകരമാകാന്‍ അതിമോഹമുള്ളവളുടെ ജല്പനങ്ങള്‍ മാത്രമായി കണ്ടു മറക്കയുമാവാം നിങ്ങള്‍ക്ക് . . . .



നന്ദി, എന്റെ ജീവിതത്തിലെ ഒത്തിരിയൊത്തിരി വഴിവെളിച്ചങ്ങള്‍ക്ക് .....


എന്ന് ഹൃദയപൂര്‍വ്വം, 

വിജിത 


Sunday, December 4, 2022

 പാണന് പാടാൻ നിങ്ങൾ തീറ് നൽകിയതെത്ര പെൺജീവിതങ്ങൾ...?  

നിങ്ങൾ മെനഞ്ഞ കഥകളിൽ എത്രയെത്ര  കണ്ണീർ നനവുകൾ? 


ഇന്ന്,  ഈ രാവിൽ ഓർക്കുന്നു ഞാൻ ചില കുഞ്ഞു മുഖങ്ങൾ, 

നിങ്ങളെ പിന്തുടരും കുഞ്ഞു കാലടികളും... 

അവരിൽ പതിക്കാതിരിക്കട്ടെ ഈ കണ്ണുനീർ തുള്ളികൾ, 

നിങ്ങളിൽ നിന്ന് പോകട്ടെ ഈ വിഷനീരുറവയും...


ഹൃദയപൂർവ്വം ,

വിജിത 

 മനസ്സിൻ്റെ കോണിൽ എവിടെയോ മാറാല പിടിച്ച ചില ചിന്തകൾ ഉണ്ട്, പൊടിപിടിച്ച പഴയ കുറച്ചു സ്വപ്നങ്ങളും... 

എന്നെങ്കിലും അവയൊന്ന് പൊടി തട്ടിയെടുക്കണം, എന്നിട്ട് തൂക്കി വിൽക്കണം..!


ഹൃദയപൂർവ്വം,

വിജിത 

 യാത്രാമൊഴികളിൽ വിശ്വസിക്കുന്നില്ല ഞാൻ... 

വെറുതെ അങ്ങ് പോവുക;

 ആരും അറിയാതെ, ആരോടും ഒന്നും പറയാൻ നിൽക്കാതെ.....

ബാക്കി വെച്ചതെല്ലാം ബാക്കിയാക്കി വെറുതെ അങ്ങ് കടന്നുകളയുക!! 

ഞാൻ ഒരു നിഗൂഢതയായി തുടരട്ടെ...



ഹൃദയപൂർവ്വം,

വിജിത 

 മരിച്ചാൽ അരികിലൊരു വാകമരം നടണം, പിന്നെയുള്ള ഓരോ മഴയിലും കൊഴിഞ്ഞു വീഴുന്ന പൂക്കൾ കൊണ്ടവിടം ചുവക്കണം... 

അങ്ങനെ നിങ്ങൾ കെടുത്തികളഞ്ഞ അഗ്നിയെ വീണ്ടുമൊന്നോർക്കണം.. മരണത്തിനപ്പുറമെങ്കിലും!

ഹൃദയപൂർവ്വം,

വിജിത