Wednesday, March 22, 2017

നല്ല പെണ്ണ്

വസന്തത്തിലുമൊരു പൂ പോലും
വിരിഞ്ഞില്ല നിന്നുള്ളിലെന്നോ  സഖീ ?
ഒരുപാടു മഴ നനഞ്ഞിട്ടുമൊരു
വിത്ത് പോലും മുളച്ചില്ലയെന്നോ ?

പ്രണയത്തിലും നിറഞ്ഞില്ല
നിൻ ഹൃത്തമെന്നോ,
വിരഹത്തിൻ ചൂടിലും
പുഷ്പ്പിച്ചതില്ലായിരം വാകകളെന്നോ?

ശില പോൽ നിൽക്കുന്നു നീ
ഇന്നീ കാഴ്ചയ്ക്കു  മുൻപിലും,
'കണ്ണേ മടങ്ങുക ' എന്നു പാടി
മറയുന്ന ജനസാഗരത്തിനിടയിലായ് ....

കരയുക സഖീ നീയിന്ന്,
കാത്തുവെച്ചൊരാ ഓർമകളെയോർത്ത് ,
പൊട്ടിച്ചിരിക്കാത്ത, ഉറക്കെ കരയാത്ത -
'നല്ല' പെണ്ണായ് പിറന്ന നാളിൻ ചിന്തയിൽ.


ഉറക്കെയാട്ടുക  ഈ മുഖങ്ങളെ
നിർത്താതെ ശപിക്കുക ഈ ലോകത്തെ നീ,
ഇന്നെങ്കിലും പ്രതികരിക്കുക സഖീ ;
മനുഷ്യമുഖമുള്ള കഴുകരിന്ന്
കൊത്തിപ്പറിച്ചത്‌ നിന്‍റെയോമൽ കുഞ്ഞിനെയല്ലോ-
അക്ഷരം കൂട്ടിവായിക്കാനാവാത്ത
അവളെന്തറിഞ്ഞു?
അതിനാൽ പ്രതികരിക്കുക മാതൃഹൃദയമേ,
ഇന്നു  നീ............


ഹൃദയപൂർവ്വം,
വിജിത



Thursday, October 13, 2016

കടം




പ്രണയത്തെയറിയില്ലെന്നും,
പ്രണയിക്കയില്ലെന്നും ചൊന്ന പ്രീയ സഖീ,
കടം നല്‍കാം ഞാന്‍ നിനക്കെന്‍റെ പ്രണയം,
നിന്‍ പടിവാതിലില്‍ മുട്ടിവിളിക്കുന്നോരാ വരനായ് . . . .

കടംകൊണ്ട പ്രണയവുമായ് ചെന്നു നില്‍ക്കൂ,
കടപ്പാടുകളേതുമില്ലാതെ നീ;
ഏറ്റുവാങ്ങൂ, താലിച്ചരടുമാ-
സിന്ദൂരചോപ്പും. . . .

ആരോ തട്ടിത്തെറിപ്പിച്ചയെന്‍ ചെമ്പനീര്‍പ്പൂവും,
ചേര്‍ത്തു വയ്ക്കാം ഞാനാ പ്രണയത്തിനൊപ്പം,
വിവാഹസമ്മാനമായ്. . . .



ഹൃദയപൂര്‍വ്വം,
വിജിത


Monday, January 25, 2016

നിന്‍റെ 'സംസ്കാര'ത്തിന്‍റെ തോളില്‍ തട്ടി നന്നായെന്നു 
പറയാന്‍ തക്ക, സംസ്കാരശൂന്യയല്ല ഞാന്‍ !
എന്ന്,
വിജിത

Saturday, December 5, 2015






തിരയുകയാണ് ഞാൻ, എനിക്കു നഷ്ടമായതെന്തോ അതിനെ,

അതെന്താണെന്ന് വ്യക്തമായറിയില്ലെങ്കിലും.............

ഹൃദയപൂർവ്വം,
വിജിത 

Sunday, November 22, 2015

                               

                       ജീവിതത്തില്‍ നിന്നു വളരെ നേരത്തെ പടിയിറങ്ങിപ്പോയ ബാല്യത്തെ കൌമാരത്തിന്‍റെയും യവ്വനത്തിന്‍റെയും ഇടനാഴികളിലെവിടെയോ വെച്ച് ഞാന്‍ തിരികെ കണ്ടെത്തുകയായിരുന്നു. അതാകാം വീണ്ടും ഞാന്‍ കുസൃതികളിലേക്കൊരു മടങ്ങിപ്പോക്കു നടത്തിയതിടയ്ക്ക്...

ഹൃദയപൂർവ്വം,
വിജിത