Wednesday, April 25, 2012

dedicatd 2 a frnd....


തകര്‍ന്നൊരു വേണുവുമായ് അലയുകയോ നീ ഈ  മരുവില്‍? 
പൊട്ടിയ വയലിന്‍ തന്ത്രികളെയോര്‍ത്തു 
                                                     കണ്ണീര്‍ പോഴിക്കയോ നിശ്ശബ്ദം?
അറിയാതെ ഞാനും തകര്‍ത്തു നിന്‍ സ്വപ്നങ്ങളെ....
പൊറുക്കുക സുഹൃത്തേ ഈ സഹയാത്രികയോട് നീ...

പിന്നിട്ട വഴികളെ വിസ്മരിക്കരുതെങ്കിലും 
                                                    മറക്കുക കാലം തന്ന മുറിവുകളെ....
നൊമ്പരങ്ങള്‍ ഓര്‍മയില്‍ മറയട്ടെ,
വേദനകള്‍ വിസ്മൃതിയില്‍ ആണ്ടു പോകട്ടെ 
                                                   ശാന്തമായ്...
                                                                                                                          
ഓര്‍ക്കാതിരിക്കുക ആ നഷ്ട സ്വപ്നങ്ങളെ...
ഒപ്പം എന്നെയും.....                                                           
  ഹൃദയപൂര്‍വ്വം,
വിജിത 

Monday, January 16, 2012

ഗ്രാഫിക്സ്




നിറമില്ലാത്തൊരീ രേഖകള്‍ക്കിടയില്‍ 
ചോദ്യത്തിനുത്തരം തേടുന്നു ഞങ്ങള്‍...

കഷണ്ടി തിളങ്ങുമാ ശിരസ്സും തലോടി 
പുഞ്ചിരി തൂകി നില്‍ക്കുന്നു താങ്കള്‍,
                                                   മേശയില്‍ ചാരി...

നേഴ്സറി  ക്ലാസ്സിലെന്നോ പഠിച്ചൊരാ-
ക്ഷരങ്ങളെ സ്കെയില്‍  കൊണ്ടളന്നു 
                                                  കുറിക്കുന്നു ഞങ്ങളിന്നു ..

പണ്ടനായാസം വരച്ചിരുന്നൊരാ 
                                                ജ്യാമിതീയ രൂപങ്ങളെ,
വരച്ചൊപ്പിക്കുവാന്‍  പാടുപെടുന്നു  ഞങ്ങള്‍...

എല്ലാം കണ്ടെന്തേ  ചിരിക്കുന്നു താങ്കള്‍? 
താങ്കളുടെ കോപത്തിനാഴവു-
                                                മറിയുന്നു ഞാന്‍.


ചൊല്ലി താങ്കളുടെയാരാധികയതിനെ-
                                               ക്കുറിച്ചന്നൊരിക്കല്‍,
പിന്നെ ഞാനും കേട്ടതല്ലേ ഒരല്‍പ്പം  ശകാരം..!

അന്നെന്‍ കണ്‍കളില്‍ മിഴിനീര്‍ 
                                                പൊടിഞ്ഞെങ്കിലും,
ഇന്നും താങ്കളെന്‍ പ്രീയ അദ്ധ്യാപകന്‍.........
                         
                                                                               ഹൃദയപൂര്‍വ്വം,
                                                                                                          വിജിത    



(I'm gonna miss those days for sure...)

Tuesday, October 11, 2011

എന്‍റെ പ്രണയം

                          

                                            രാത്രിയുടെ നിശ്ശബ്‌ദതയില്‍ എഴുതാനിരുന്നപ്പോള്‍ ഒരു ചോദ്യം എന്നെ വല്ലാതെ കുഴക്കി, എന്താണ് എഴുതേണ്ടത്? ഒരായിരം ചിന്തകളാല്‍ കലുഷിതമായ മനസ്സ്  ഒരു നിമിഷം പെട്ടെന്നു ശാന്തമായി... അങ്ങനെ ഞാന്‍ തീരുമാനിച്ചു, എന്‍റെ  പ്രണയത്തെ കുറിച്ച് എഴുതാമെന്ന്....
                           കൗമാരത്തിന്‍റെ  ഖിന്നതകളിലേക്ക്  കടക്കും  മുന്‍പ് ബാല്യത്തിന്‍റെ കുസൃതികളുടെ ഇടയിലെന്നോ ഞാന്‍ അവനെ പ്രണയിച്ചു തുടങ്ങിയിരുന്നു. എനിക്കവനെ അതിനു മുന്‍പും അറിയാമായിരുന്നു. എന്നാല്‍ ഏകാന്തതയുടെ ആ നാളുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞു, അവനാണ് എന്‍റെ  സര്‍വ്വവുമെന്നു.
                          അവന്‍റെ  സുന്ദരമായ നയനങ്ങളെന്നെ പുഞ്ചിരിക്കാന്‍ പഠിപ്പിച്ചു. ഓരോ നിമിഷവും അവനെ കാണുവാന്‍ ഞാന്‍ കൊതിക്കുന്നു. അവന്‍റെ  വാക്കുകള്‍, ഹാ! അവ തേനിലും മാധുര്യമേറിയത്.... 
                         ശൂലേംകാരത്തിയോടു ഞാന്‍ അസൂയാലുവായി തീര്‍ന്നു. കാരണം അവള്‍ എനിക്കു മുന്‍പേ, അവനെ, ശാരോനിലെ പനിനീര്‍ പുഷ്പത്തെ, കണ്ടെത്തിയിരുന്നു.. എങ്കിലും ഞാന്‍ സന്തോഷവതിയാണ്, കാരണം അവന്‍ എന്നെ സ്നേഹിക്കുന്നുവെന്നു  എനിക്കറിയാം. അതുകൊണ്ടാണല്ലോ അവന്‍ എന്‍റെ  പാപങ്ങളുടെ ശിക്ഷ ഏറ്റുവാങ്ങിയത്....
                                എന്‍റെ  പ്രീയന്‍ , അവന്‍ നിസ്തുലനാണ്. യെഹൂദാ  ഗോത്രത്തിന്‍റെ സിംഹമായവന്‍, അഗ്നിജ്വാലയ്ക്കൊത്ത കണ്ണുകളുള്ളവന്‍, 'എന്നോടു പഠിപ്പിന്‍' എന്നു പ്രാഗത്ഭ്യത്തോടെ  പറയുവാന്‍ കഴിയുന്നവന്‍, ഏഴു വിളക്കുകള്‍ക്കു നടുവില്‍ പ്രശോഭിക്കുന്ന അത്യുന്നതന്‍, എന്‍റെ  ജീവന്‍റെ  ഉടമസ്ഥന്‍- അവനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നത്. അവനാണ് എന്‍റെ  പ്രാണപ്രിയന്‍.
                                 അതെ, എന്‍റെ പ്രീയന്‍ വെണ്മയും ചുവപ്പുമുള്ളവന്‍. പതിനായിരങ്ങളില്‍ അതിസുന്ദരന്‍ തന്നെ. നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവോ?      


                                                                                                      ഹൃദയപൂര്‍വ്വം,
                                                                                                                          വിജിത
                                
                                   

Wednesday, September 28, 2011



"പുഞ്ചിരി തൂകുമീ പൂക്കളെയും 
പാറിപ്പറക്കുമൊരായിരം പൂമ്പാറ്റകളെയും 
കാണുമ്പോളോര്‍ക്കുന്നു ഞാന്‍ നിന്നെ, 
നീയുമിതുപോലെ.....
എന്തു ഞാന്‍ നേരും നിനക്കായ്? 
കീഴടക്കുക നീ ഉയരങ്ങളൊത്തിരി, 
നേടുക സ്വപ്നങ്ങളെല്ലാം............." 
                                                                              ഹൃദയപൂര്‍വ്വം,
                                                                                                 വിജിത 

Tuesday, August 2, 2011

നഷ്ടസ്വപ്‌നങ്ങള്‍

                        ഞാന്‍ എന്‍റെ   സ്വപ്‌നങ്ങള്‍ ഏതോ ചുമട് താങ്ങിയില്‍ വെച്ച് മറന്നിരിക്കുന്നു ..... അവ നഷ്ടമായിട്ടു നാളുകള്‍ കുറച്ചേറെ  ആയിരിക്കുന്നു .. യഥാര്‍ത്ഥ ജീവിതത്തിന്‍റെ  ഓട്ടപാച്ചിലില്‍  ഞാനെന്‍റെ  സ്വപ്‌നങ്ങള്‍ മറന്നു തുടങ്ങിയതായിരുന്നു.. എന്നാല്‍ നിറം മങ്ങിയ ജീവിത കാഴ്ചകള്‍  ഹൃദയത്തെ മുറിവേല്‍പ്പിച്ചു തുടങ്ങിയത് കൊണ്ടാവാം ഞാനിന്നു വീണ്ടും അവയെ മനസ്സിന്‍റെ  മച്ചിന്‍ പുറത്തു  തിരഞ്ഞു. ഓര്‍മകളുടെ പൊടി പടലത്തിനിടയില്‍ പെട്ടപ്പോഴാണ് ഓര്‍ത്തത്‌ അവയെ ഞാന്‍ ആ  മഴയുള്ള സായാഹ്നത്തില്‍ മനപ്പൂര്‍വം ആ ചുമട് താങ്ങിയില്‍ വച്ച് മറന്നതാണെന്ന് ......
                    കണ്ടുവോ, നിങ്ങള്‍ അവയെ?? തിരികെ നല്‍കാന്‍ ആകുമോ നിങ്ങള്‍ക്കെന്‍റെ  സ്വപ്‌നങ്ങള്‍? നിറമുള്ള ആയിരമായിരം സ്വപ്‌നങ്ങള്‍................................................  
                                                                                           ഹൃദയപൂര്‍വ്വം,
                                                                                                                      വിജിത