പണ്ടെന്റെ കഥകളില്‍ നീയും ഞാനുമുണ്ടായിരുന്നു... വരികളില്‍ നിറയെ നമ്മളുണ്ടായിരുന്നു.
ഇന്നെന്നില്‍ കഥകളില്ല... ബാക്കിയായ വരികളില്‍ നമ്മളും ഇല്ല.
ഹൃദയപൂര്‍വ്വം,
വിജിത
പ്രണയിച്ചതില്ല ഞാന്‍,
എഴുതിയതില്ല കവിതകളാരും എനിക്കായ്,
കണ്ടെത്തിയില്ല ഞാന്‍- പീതപുഷ്പങ്ങള്‍,
സഖാക്കളെയും ...
ആരുമായിരുന്നില്ല ഞാന്‍ ഇവിടെ,
നിങ്ങള്‍തന്‍ ഓര്‍മകളില്‍ ഉണ്ടാമോ- ഞാന്‍, എന്നറിയുകയുമില്ല!
തിരികെ വരുമ്പോള്‍ കാത്തിരുന്നില്ല ആരുമെനിക്കായ്,
അത്രമേല്‍ പ്രീയമായതേതും കണ്ടതേയില്ല.....
എന്നിട്ടുമെന്തോ തളയ്ക്കപ്പെടുന്നു,
ഞാനിവിടെ,
അജ്ഞാതമാമേതോ -
സ്നേഹബന്ധനത്താല്‍...!
ഹൃദയപൂര്‍വ്വം,
വിജിത
കഥയില്ലാത്തവള്‍ ഇന്ന്,
സങ്കടം കൊണ്ടൊരു കുരുക്കുണ്ടാക്കി,
'അഹങ്കാരം കൊണ്ട് താഴാത്ത' കഴുത്തിലിട്ട് - ഒറ്റയാള്‍ പോരാട്ടം പോലെ -
ഒറ്റയ്ക്കാ മച്ചില്‍ തൂങ്ങിയാടുന്നത് കണ്ടപ്പോഴും അവര്‍ പറഞ്ഞു,
ഭ്രാന്താണ് അവള്‍ക്കെന്ന്.!
ഹൃദയപൂര്‍വ്വം,
വിജിത
അന്ന് യോപ്പയിലെ ഒരു വീട്ടിൽ നിന്ന് നിലവിളിയുയർന്നു. അതേ, അവിടെ തബീഥായെ തേടി മരണമെത്തിയിരിക്കുന്നു... അവൾ തുന്നി പൂർത്തിയാക്കാത്ത ഉടുപ്പുകൾ, ഇനിയുമെടുക്കാത്ത പുത്തൻ തുണിത്തരങ്ങൾ ഒക്കെ അവളുടെ നന്മയുടെ ഓർമയായി അവിടെ നിറഞ്ഞിരുന്നു. അനേകർക്ക് ഉപകാരിയായവളെ മരണം കൊണ്ടു പോയി എന്നത് അവിടെ കൂടിയിരുന്നവരിൽ തേങ്ങലുയർത്തി.
ദുഃഖം തളം കെട്ടി നിന്ന ആ വീട്ടിലേക്കാണ് പത്രോസ് കടന്നു വന്നത്. യോപ്പയിലെ ആ നന്മവൃക്ഷത്തെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കുന്നത് ശരിയല്ല എന്ന് അപ്പോസ്തലന് തോന്നി കാണണം; താൻ മുട്ടുമടക്കി അവൾക്കായി പ്രാർത്ഥിച്ചു. ജീവൻ്റെ ഉടമസ്ഥന് അവൾക്കു ജീവൻ നല്കുവാൻ മനസ്സായി; തനിക്കു വേണ്ടി കരഞ്ഞവരുടെ മുൻപിൽ ജീവനുള്ളവളായി അവൾ എഴുന്നേറ്റു നിന്നു !
മരണത്തിൽ നിന്ന് പോലും തിരികെ കൊണ്ടുവരുന്ന ഒരു നന്മ അവളിലുണ്ടായിരുന്നു. ആരുമില്ലാത്തവരുടെ ജീവിതത്തിൽ ഒരു മെഴുകുതിരി പോലെ എരിയുവാൻ അവൾ ഇനിയും ഉണ്ടാകണമെന്ന് സ്വർഗ്ഗസ്ഥനായ പിതാവിനെ ചിന്തിപ്പിച്ച നന്മ!
നമ്മിൽ അങ്ങനെയൊരു ഫലം നമ്മുടെ നാഥൻ കണ്ടെത്തുമോ?
ഹൃദയപൂർവ്വം ,
വിജിത
ഒരു കൊച്ചു കൈയെന്‍ കൈവിരല്‍ പിടിക്കവേ,
അറിഞ്ഞു ഞാന്‍, അമ്മതന്‍ നെഞ്ചിന്‍ നേരും നോവും....
ആ കൊച്ചു പുഞ്ചിരി കാണും നേരത്തു,
ഗ്രഹിച്ചു ഞാന്‍, പണ്ടമ്മതന്‍ ഹൃത്തില്‍ നിറഞ്ഞ കിനാവും മമതയും...
ഹൃദയപൂര്‍വ്വം,
വിജിത
നീ എന്നെ പോലെ ആയിരുന്നു,
നിന്റെ കണ്ണില്‍ ഞാനുണ്ടായിരുന്നു.
നിന്റെ മുടിയിഴകളില്‍ എന്റെ കൈ എന്നും എന്റെ ഓര്‍മ്മകളെ കോര്‍ത്ത് വെച്ചിരുന്നു,
എന്റെ കഥകളില്‍ ഞാന്‍ നിനക്ക് എന്റെ സ്വപ്നങ്ങൾ പറഞ്ഞ് തരികയായിരുന്നു..
ഞാന്‍ നിന്നെ പാടിയുറക്കിയവ എന്റെ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു;
നീ ഞാന്‍ തന്നെ ആയിരുന്നു...
ഒടുവില്‍ നീ മടങ്ങിയ നേരത്ത് ഞാന്‍ അങ്കലാപ്പിലായി പോയത് അതിനാലാണ്,
നീ കൂടെ കൊണ്ട് പോയത് എന്റെ ഓര്‍മ്മകളെയും,
എന്റെ സ്വപ്നങ്ങളെയും,
എന്നെ തന്നെയും ആയിരുന്നല്ലോ.!
ഹൃദയപൂര്‍വ്വം,
വിജിത
(അമ്മയുടെ കണ്ണെത്താദൂരത്തെക്കു യാത്രയായ കുഞ്ഞു മാലാഖമാരുടെ അമ്മമാര്‍ക്കു സമര്‍പ്പണം.... )
"എന്തിനാണ് എന്നെ ഇങ്ങനെ മടിച്ചി ആക്കുന്നത്?" എന്ന് ഞാന്‍..
"ഇടക്കൊക്കെ അതൊരു രസമാണ്" എന്ന് നീയും.
അതാകാം നീ ഇന്നും എവിടെയോ മടി പിടിച്ചിരിക്കുന്നത്.... എന്നെ തിരയാതെ!
ഹൃദയപൂര്‍വ്വം,
വിജിത
എന്റെ ഓര്‍മകളില്‍ നിന്റെ ഗന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് മഴയൊരുപാടു കഥകള്‍ പറഞ്ഞ ആ രാത്രിയിലാണ്...
ആ നേരിയ വെളിച്ചത്തില്‍ ഒറ്റയ്ക്കിരുന്ന് ഓര്‍മകളില്‍ പരതിയ എന്റെ നാസികയിലേക്ക് നിന്റെ ഗന്ധം അരിച്ചു കേറുന്നത് അറിയാന്‍ അധികനേരം വേണ്ടി വന്നില്ല... അത്രമേല്‍ പ്രീയപ്പെട്ടതായിരുന്നല്ലോ അതെനിക്ക്.!
അന്ന് മുതലാണ് ഞാന്‍ വീണ്ടും ഒറ്റയ്ക്കല്ലാതെയായത് ....
ഹൃദയപൂര്‍വ്വം,
വിജിത
വിരഹവാകകൾ പൂ പൊഴിച്ച വഴിയിലൂടെ മഴയുടെ കൈ പിടിച്ച് അവൾ നടന്നു . . . താഴെ ചുവന്ന പരവതാനി വിരിച്ച പൂക്കൾ അപ്പോഴും പറഞ്ഞത് മഴയോടുള്ള അവരുടെ പ്രണയത്തെ കുറിച്ചാണ് . . . കൊമ്പുകളിൽ ചേർന്ന് നിന്നപ്പോൾ അവരെ മോഹിപ്പിച്ച അവൻ്റെ മണം ഇന്നവർ നെഞ്ചോട് ചേർത്തിരിക്കുന്നു ; അവരുടെ ആത്മാവിൽ അത് അലിഞ്ഞു ചേർന്നിരിക്കുന്നു.
ഒടുവിൽ, നാളെ മണ്ണിൽ അലിഞ്ഞു ചേരുമ്പോഴും അവർ കൃതാർത്ഥർ ആയിരിക്കും.. ഒരു മാത്രയെങ്കിലും അവർ ഒന്നായിരുന്നു എന്നോർത്ത് !
എന്ന് ഹൃദയപൂർവ്വം,
വിജിത